അഞ്ജുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. വാഹനമിടിച്ചുള്ള പരിക്കുകൾക്ക് പുറമെ ആശിഷിന്റെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തി.

ജയ്‌പൂർ: നവവരൻ വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാമുകനൊപ്പം ജീവിക്കാൻ ഭാര്യയും സംഘവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. മേഘാലയയിലെ 'ഹണിമൂൺ കൊലപാതക' കേസിന് സമാനമാണ് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലുണ്ടായ ഈ സംഭവം.

Add Asianetnews as a Preferred SourcegooglePreferred

ജനുവരി 30-ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. നവദമ്പതികളായ ആശിഷും അഞ്ജുവും രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം ഇടിച്ചതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആശിഷ് (27) മരിച്ചു. അജ്ഞാതർ തന്‍റെ ആഭരണങ്ങൾ കവർന്നെന്നും വാഹനം ഇടിച്ചതിനെത്തുടർന്ന് താൻ ബോധരഹിതയായെന്നുമാണ് 23-കാരിയായ അഞ്ജു പൊലീസിനോട് പറഞ്ഞത്.

എന്നാൽ അഞ്ജുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. വാഹനമിടിച്ചുള്ള പരിക്കുകൾക്ക് പുറമെ ആശിഷിന്റെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തി. അഞ്ജുവിനാകട്ടെ പരിക്കുകളൊന്നും ഏറ്റിരുന്നില്ല. അഞ്ജു അയൽവാസിയായ സഞ്ജു എന്ന യുവാവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ പൊലീസ് കണ്ടെത്തി.

മൂന്ന് മാസം മുൻപായിരുന്നു ആശിഷിന്റെയും അഞ്ജുവിന്റെയും വിവാഹം. അഞ്ജു കാമുകനായ സഞ്ജുവുമായി ചേർന്ന് ഭർത്താവിനെ വകവരുത്താൻ പദ്ധതിയ തയ്യാറാക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം രാത്രി അഞ്ജു ആശിഷിന് മദ്യം നൽകിയ ശേഷമാണ് നടക്കാൻ ഇറങ്ങിയത്. നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം സഞ്ജുവും കൂട്ടുകാരും ആളൊഴിഞ്ഞ റോഡിൽ കാത്തുനിന്നു. ആശിഷിന്‍റെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം വാഹനാപകടമെന്ന് വരുത്താൻ കാറിടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കവർച്ചക്കിടെയാണ് സംഭവമെന്ന് വരുത്താൻ സ്വന്തം ഫോണും ആഭരണങ്ങളും അഞ്ജു പ്രതികൾക്ക് കൈമാറി. തുടർന്ന് റോഡിൽ കിടന്ന് ബോധരഹിതയായി അഭിനയിച്ചു. അഞ്ജുവിനെയും സഞ്ജുവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.