
പൂനെ (മഹാരാഷ്ട്ര) : മണിക്കൂറുകളുടെ വ്യത്യാസത്തിൽ 19 കാരികളായ കൂട്ടുകാരികൾ ആത്മഹത്യ ചെയ്തു. പൂനെയിലെ ഹദസ്പാര്‍ നഗരത്തിലാണ് സംഭവം. ഒരേ ബിൽഡിംഗിൽ താമസിക്കുന്ന ബാല്യകാല സുഹൃത്തുക്കളാണ് ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്.
രണ്ട് പേരിലൊരാൾ വൈകീട്ട് 6.30 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടര്‍ അരവിന്ദ് ഗോക്ലെ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുന്നതിനിടെ കൂട്ടുകാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. നാല് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് പെൺകുട്ടി ചാടിയത്. വൈകീട്ട് 7.30 ഓടെയായിരുന്നു മരണമെന്നും പൊലീസ് പറഞ്ഞു.
Read More : ഉറങ്ങിക്കിടന്ന നാല് പേരെ തലയ്ക്കടിച്ച് കൊന്ന സീരിയൽ കില്ലര്‍ ജയിലിൽ, ഉറക്കം പോയി സഹതടവുകാരും ഉദ്യോഗസ്ഥരും
ഒരു കുട്ടി കൊമേഴ്സ് വിദ്യാര്‍ത്ഥിയാണ്. മറ്റൊരാൾ ആനിമേഷൻ വിദ്യാര്‍ത്ഥിനിയുമാണ്. ഇരുവരിൽ നിന്നും ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തിട്ടില്ല. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ലെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അതേസമയം ഉത്തര്‍പ്രദേശിലെ ലംഖിപൂര്‍ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച പെൺകുട്ടികളുടെ അയൽവാസിയാണ് സ്ത്രീ. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.
അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തിട്ടുണ്ട്.