യുപിയിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; 6 പേർ അറസ്റ്റിൽ

By Web TeamFirst Published Sep 15, 2022, 9:49 AM IST
Highlights

സുഹൈൽ, ജുനൈദ്  എന്നീ പ്രതികൾ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ്. ബലാത്സംഗത്തിന് ഇരയായ സഹോദരികൾ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ ഇവരെ കൊലപ്പെടുത്തി

ലഖ്‍നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്ത. സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തു. ചോട്ടു , ഹഫീസുൽ റഹ്മാൻ,  ഹാരിഫ്‌, സുഹൈൽ ,ജുനൈദ്, കരീമുദീൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ചോട്ടു എന്ന ആളാണ് പെൺകുട്ടികളെ കൊണ്ടു പോയത്. ഇവരെ ബൈക്കിൽ പാടത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് സുഹൈൽ, ജുനൈദ്  എന്നീ പ്രതികൾ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സഹോദരികൾ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരത്തിൽ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നു.

ഇന്നലെ രാത്രിയിലാണ് ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരുടെ മൃതദേഹം മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകാനെത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞതോടെയാണ് വാർത്ത പുറത്തു വന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ദളിത് പെൺകുട്ടികളുടെ കൊലപാതകം: വീണ്ടും ശ്രദ്ധാകേന്ദ്രമായി ലഖിംപൂർ ഖേരി, സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

പൊലീസ് വിശദീകരണം ഇങ്ങനെ... 

ഗ്രാമത്തിലെ ചോട്ടു എന്നയാൾ പ്രതികളെ പെൺകുട്ടികൾക്ക് പരിചയപ്പെടുത്തി നൽകി. ബൈക്കിലെത്തിയ ജുനൈദ്, സുഹൈൽ, ഹാരിഫ്, കരീമുദ്ദീൻ എന്നിവർക്കൊപ്പം പെൺകുട്ടികൾ സ്വമേധയാ ബൈക്കിൽ കരിമ്പിൻ പാടത്തേക്ക് പോയി. അവിടെ വച്ച് പ്രതികൾ പെൺകുട്ടികളെ  ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികൾ തങ്ങളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സുഹൃത്ത് ഹഫീസുൽ റഹ്മാനെ കൂടി വിളിച്ചു വരുത്തിയാണ് മൃതദേഹം പ്രതികൾ കെട്ടിത്തൂക്കിയതെന്നും പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടികളുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ ചോട്ടുവിന്റെ കൂടെ വന്നവർ മകളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് പറയുന്നത്. പെൺകുട്ടിക്ക് പ്രതികളെ അറിയാമായിരുന്നു എന്ന വാദവും കുടുംബം തള്ളുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.  

click me!