Latest Videos

നീറ്റ് പരീക്ഷയിൽ മാ‍ർക്ക് കുറയുമെന്ന ആശങ്കയിൽ 19-കാരൻ ആത്മഹത്യ ചെയ്തു

By Web TeamFirst Published Sep 10, 2020, 3:46 PM IST
Highlights

രണ്ട് വ‍ർഷം മുൻപ് നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിഷമത്തിന് മറ്റൊരു പെൺകുട്ടിയും ഇതേ ജില്ലയിൽ ആത്മഹത്യ ചെയ്തിരുന്നു. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുട‍ർന്ന് അനിത എന്ന കൗമാരക്കാരിയാണ് അന്ന് ആത്മഹത്യ ചെയ്തത്.

ചെന്നൈ: നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചേക്കുമോ എന്ന ആശങ്കയിൽ 19-കാരൻ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ അരിയാലൂ‍‍ർ സ്വദേശിയായ വിഘ്നേശാണ് ആത്മഹത്യ ചെയ്തത്. നേരത്തെ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്ന വിദ്യാർത്ഥി പരീക്ഷസമ്മർദം മൂലം ആത്മഹ്ത്യ ചെയ്തുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. വിദ്യാ‍ർത്ഥിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

രണ്ട് വ‍ർഷം മുൻപ് നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിഷമത്തിന് മറ്റൊരു പെൺകുട്ടിയും ഇതേ ജില്ലയിൽ ആത്മഹത്യ ചെയ്തിരുന്നു. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുട‍ർന്ന് അനിത എന്ന കൗമാരക്കാരിയാണ് അന്ന് ആത്മഹത്യ ചെയ്തത്. സംഭവം അന്ന് തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തമിഴ്നാട്ടിൽ വലിയ പ്രതിഷേധ പരമ്പരയാണ് അതുണ്ടാക്കിയത്. 

കഴിഞ്ഞ രണ്ട് വ‍ർഷമായി നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിഘ്നേശ് പത്തിലും പ്ലസ്ടുവിലും ഉയർന്ന മാ‍ർക്ക് നേടി പാസായ ആളാണ്. ഈ ‍‍ഞായറാഴ്ച ദേശീയവ്യാപകമായി നീറ്റ് പരീക്ഷ നടത്താനാരിക്കേയാണ് വിഘ്നേശിൻ്റെ ആത്മഹത്യ.  പുലർച്ചെ എഴുന്നേറ്റ് പഠിക്കാൻ ഇരിക്കുന്ന മകനെ മുറിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിലെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയെന്നാണ് വിഘ്നേശിൻ്റെ പിതാവ് പറയുന്നത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വിഘ്നേശിൻ്റെ മരണവാ‍ർത്ത പുറത്തു വന്നതിന് പിന്നാലെ ചെന്നൈയിലടക്കം യുവജനസംഘടനകൾ പ്രതിഷേധവുമായി രം​ഗത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര സംസ്ഥാന സർക്കാരുകളാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ പറഞ്ഞു. സാമൂഹിക വിവേചനത്തിന് ഇടയാക്കുന്ന പരീക്ഷ ഉടൻ റദ്ദാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. 

click me!