
ശ്രീനഗര്‍: കശ്മീരില്‍ 2 ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും വിച്ഛേദിച്ചു. പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിന്‍റെ ചരമവാര്‍ഷികത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതെന്ന് അധികൃതര്‍ അറിയിച്ചത്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതിന് പുറമെ ശ്രിനഗറില്‍ പല സ്ഥലങ്ങളിലും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഫ്സല്‍ ഗുരുവിന്‍റെ ചരമവാര്‍ഷികത്തില്‍ ഓള്‍ പാര്‍ട്ടി ഹൂറിയത് കോണ്‍ഫറന്‍സ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 2001ല്‍ പാര്‍ലമെന്‍റ് ആക്രമിച്ച കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തൂക്കിലേറ്റിയത്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് ശേഷം വിച്ഛേദിച്ചിരുന്ന ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കഴിഞ്ഞ മാസം മാത്രമാണ് വീണ്ടും നല്‍കി തുടങ്ങിയത്.
ഓഗസ്റ്റ് അഞ്ചു മുതലാണ് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായ ഇന്‍റര്‍നെറ്റ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് പിന്നീട് ഇളവുകള്‍ പ്രഖ്യാപിച്ചത്. അതേസമയം, ജമ്മുകശ്‍മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി ജമ്മുകശ്‍മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‍ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കശ്മീരിലെ ശാന്തമായ അന്തരീക്ഷം വഷളാക്കാന്‍ പാകിസ്ഥാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദില്ലിയിലെത്തിയ രവീന്ദര്‍ റെയ്‍ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ആറ് മാസത്തോളമായി വീട്ടുതടങ്കലിലാണ്.
യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് രവീന്ദര്‍ റെയ്‍ന പറഞ്ഞു. പുനസംഘടനയ്ക്ക് ശേഷം സ്ഥിതിഗതികളില്‍ മാറ്റമുള്ള സാഹചര്യത്തില്‍ മോചന നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്‍റലിജന്‍സ് ഏജന്‍സികളുടെ വിവരങ്ങളുടെയടക്കം അടിസ്ഥാനത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന് കശ്മീര്‍ ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam