
ദില്ലി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകര ബന്ധമുളള രണ്ട് പേർ പിടിയിൽ. സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരുടെ പക്കൽ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. അന്വേഷണം തുടങ്ങിയതായി ഷോപ്പിയാൻ പൊലീസ് അറിയിച്ചു.
ഷോപ്പിയാനിലെ ഡികെ പോറയിൽ ഇന്ത്യൻ സൈന്യത്തിന്റെ 34RR SOG ഷോപിയാനും CRPF 178 Bn ഉം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികൾ പിടിയിലായത്. രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 ലൈവ് റൗണ്ട് ഉൾപ്പെടെ മാരകമായ വസ്തുക്കൾ കണ്ടെടുത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.
ഇതിനിടെ, ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കൾ ഹൈദരാബാദിൽ പിടിയിലായി. സിറാജുർ റഹ്‌മാൻ (29), സയിദ് സമീർ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസുകളുടെ കൗണ്ടർ ഇന്റലിജൻസ് സെൽ നടത്തിയ പരിശോധനയിൽ ആന്ധ്രയിലെ വിഴിനഗരത്തിൽ നിന്നാണ് സിറാജുർ റഹ്‌മാൻ പിടിയിലായത്. പിന്നാലെ ഹൈദരാബാദിൽ നിന്ന് സമീറും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഹൈദരാബാദിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായി ഇരുവരും സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
സ്‌ഫോടക വസ്‌തുക്കളായ അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. അറസ്റ്റിലായ രണ്ടുപേരും നിലവിൽ കസ്റ്റഡിയിലാണെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. രണ്ട് പ്രതികൾക്കും സൗദി അറേബ്യയിലെ ഐസിസ് ഘടകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം