
ജമ്മു: വേദിയിൽ കലാകാരന്മാർ മരിച്ചുവീഴുന്നതിന്‍റെ വാർത്തകൾ നമ്മൾ ഇടയ്ക്ക് കേൾക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വേദിയിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജീവൻ നഷ്ടമായത് 20 വയസ് മാത്രമുള്ള കലാകാരനാണെന്നത് നൊമ്പരം വർധിപ്പിക്കുന്നു. ജമ്മുവിലെ ബിഷ്‌നയിൽ ഗണേശ ഉത്സവത്തിനിടെ നടത്തിയ പരിപാടിക്കിടെയാണ് 20 വയസുള്ള കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാർവതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെയായിരുന്നു 20 കാരനായ യോഗേഷ് ഗുപ്ത കുഴഞ്ഞുവീണത്. ആദ്യം സഹ കലാകാരന്മാർക്ക് സംഭവം മനസിലായിരുന്നില്ല. ഇരുന്നുള്ള ചുവടുകൾക്കിടെയായിരുന്നു യോഗേഷ് കുഴഞ്ഞുവീണത്. യോഗേഷ് ഗുപ്ത എഴുന്നേൽക്കാത്തത് ശിവന്‍റെ വേഷം ധരിച്ചിരുന്ന കലാകാരൻ വേഗത്തിൽ ശ്രദ്ധിച്ചു. ഇയാൾ മറ്റുള്ളവരെ ഉടൻ തന്നെ വിളിച്ച് യോഗേഷിനെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും യോഗേഷിന്‍റെ മരണം സംഭവിച്ചിരുന്നു.
യോഗേഷിന്‍റെ മരണത്തിന് പിന്നാലെ അവസാന നൃത്തത്തിന്‍റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പുറത്തുവന്നു. യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകൾ കാണിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെയാണ് ഇയാൾ കുഴഞ്ഞുവീണത്. എത്രയും വേഗം സഹ കലാകാരന്മാർ ആശുപത്രിയിലെത്തിച്ചെങ്കിലും എല്ലാവർക്കും വേദന സമ്മാനിച്ച് യോഗേഷ് അപ്പോഴേക്കും വിട പറഞ്ഞിരുന്നു. യോഗേഷിന്‍റെ അവസാന നൃത്തത്തിന്‍റെ വീഡിയോ ഏവരും ഹൃദയം കൊണ്ട് ഏറ്റെടുത്തിട്ടുണ്ട്. വലിയ വേദന എന്ന വികാരമാണ് പലരും പങ്കുവയ്ക്കുന്നത്. 20 വയസ് മാത്രമുള്ള കലാകാരനാണ് വേദിയിൽ ജീവൻ നഷ്ടമായതെന്നത് വലിയ സങ്കടം എന്നാണ് പലരും കമന്‍റിടുന്നത്. മരണ കാരണം എന്താണെന്നറിയാനുള്ള ആകാംക്ഷയും പലരും പങ്കുവയ്ക്കുന്നുണ്ട്. ഹൃദയാഘാതമാണോ എന്ന ചോദ്യവും പങ്കുവയ്ക്കുന്നവർ കുറവല്ല. എന്തായാലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നാലേ ഇത് സംബന്ധിച്ച വ്യക്തത കൈവരു.