രാജ്‍പഥ് ഇനി കര്‍ത്തവ്യപഥ്, രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

Published : Sep 08, 2022, 08:06 PM ISTUpdated : Sep 09, 2022, 11:45 AM IST
രാജ്‍പഥ് ഇനി കര്‍ത്തവ്യപഥ്, രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

Synopsis

ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. 

ദില്ലി: കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ദതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങൾക്കായി കാല്‍നടപ്പാത, ശുചിമുറികൾ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രാജ്‍പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനർ നാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനമെടുത്തത്. ചടങ്ങിന് മുന്നോടിയായി ദില്ലി നഗരത്തില്‍ 6 മണി മുതല്‍ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. 

ഇന്ത്യയുടെ മുഖമുദ്രയായ ദില്ലി നഗര ഹൃദയത്തിലെ വീഥി ഇനി കർത്തവ്യ പഥ് എന്ന് അറിയപ്പെടും. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോ‍ർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്‍പഥ് ആയി മാറി. കോളനി വാഴ്ചയുടെ  ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയില്‍നിന്നും സെന്‍റ് ജോർജ് ക്രോസ് മുദ്ര നീക്കി പുതിയ പതാക ഉയർത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയായ റേസ് കോഴ്സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്ന് മാറ്റിയിരുന്നു.

'നേതാജി അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി'; സ്വാതന്ത്ര്യാനന്തരം രാജ്യം നേതാജിയെ മറന്നെന്ന് മോദി

അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1947ന് മുന്നേ ആൻഡമാൻ നേതാജി സ്വതന്ത്രമാക്കിയിരുന്നെന്നും ത്രിവർണ പതാക പാറിച്ചിരുന്നുവെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാം നേതാജിയെ മറന്നു. നേതാജിയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു എങ്കിൽ രാജ്യം വലിയ ഉയരങ്ങളിൽ എത്തുമായിരുന്നു. കഴിഞ്ഞ 8 വ‌ർഷത്തിനിടെ എടുത്ത നിരവധി തീരുമാനങ്ങളിൽ നേതാജിയുടെ ആശയങ്ങളും സ്വപ്നങ്ങളും പ്രതിഫലിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. നേതാജിയുടെ പ്രതിമ അനാച്ഛാദനത്തിലൂടെ ആധുനിക ഇന്ത്യയുടെ പ്രാണപ്രതിഷ്ഠ നടത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്‍പഥ് അടിമത്തത്തിന്റെ പ്രതീകമായിരുന്നു. നമ്മളെ അടിമകളാക്കി കണ്ട ബ്രിട്ടീഷുകാർക്ക് വേണ്ടി നിർമിച്ചതായിരുന്നു അത്. ഇപ്പോൾ അതിന്റെ രൂപകൽപന തന്നെ മാറി, ആത്മാവും മാറി. അടിമത്തത്തിന്റെ പ്രതീകം എന്നെന്നേക്കുമായി മായ്ച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന പല നിയമങ്ങളും അവസാനിപ്പിച്ചതായി മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഇപ്പോൾ, രാജ്യത്തെ വിദ്യാർത്ഥികൾ വിദേശ ഭാഷ പഠിക്കണം എന്ന നിബന്ധനയിൽ നിന്ന് മുക്തി നേടിയിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്
ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി