തലമുണ്ഡനം ചെയ്ത്, ഗംഗാജലം തളിച്ച് തൃണമൂലിലേക്ക്; ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

By Web TeamFirst Published Jun 23, 2021, 10:45 PM IST
Highlights

നിയമസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയാണ് തിരിച്ചൊഴുക്കിന് കാരണം. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. ബിജെപിയില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തുവരുമെന്ന് മുകുള്‍ റോയ് വ്യക്തമാക്കി.
 

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തിരിച്ചൊഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ഹൂഗ്ലിയില്‍ 200ഓളം ബിജെപി പ്രവര്‍ത്തകര്‍ തലമുണ്ഡനം ചെയ്ത് ഗംഗാ ജലം തളിച്ച് തൃണമൂലിലേക്ക് തിരിച്ചുപോയി. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ തൃണമൂല്‍ ഓഫിസിന് മുന്നില്‍ സത്യഗ്രഹമിരുന്നതിന് പിന്നാലെയാണ് ഇവരെ 'ശുദ്ധീകരിച്ച്' പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. 

ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി തീര്‍ക്കാനാണ് തലമുണ്ഡനം ചെയ്ത് ഗംഗാ ജലം തളിച്ചതെന്ന് തൃണമൂല്‍ നേതാവ് തുഷാര്‍ കാന്തി മൊണ്ഡല്‍ പറഞ്ഞു. ബിജെപി വര്‍ഗീയ ചിന്തകള്‍ പ്രവര്‍ത്തകരില്‍ മനസ്സില്‍ കുത്തിവെച്ചിട്ടുണ്ടാകുമെന്നും അത് പോകാനാണ് ഗംഗാജലം തളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

നിയമസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയാണ് തിരിച്ചൊഴുക്കിന് കാരണം. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. ബിജെപിയില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തുവരുമെന്ന് മുകുള്‍ റോയ് വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുകുള്‍ റോയ് ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായിരുന്നു. മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ ഉയര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് 2017ല്‍ പാര്‍ടി വിട്ടത്. ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി മാറിയ മുകുള്‍ റോയിയുടെ വരവ് 2019ല്‍ പാര്‍ടിയെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് മുകുള്‍ റോയ് ബിജെപിയുമായി തെറ്റുന്നത്.
 

click me!