
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ 2013 ൽ നടന്ന വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ടുള്ള 41 കേസുകളില്‍ 40 കേസുകളിലെ പ്രതികളെ വെറുതെവിട്ടു. കൊലപാതകം അടക്കമുള്ള കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്. തെളിവുകളുടെ അസാന്നിധ്യത്തിലും സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നുമാണ് കോടതി 40 കേസുകളിലെ പ്രതികളെ വെറുതെ വിട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊലപാതകക്കേസുകള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം സംഭവിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. അഞ്ച് കാരണങ്ങളാണ് പ്രതികളെ വെറുതെ വിടാനുള്ള തീരുമാനത്തില്‍ കോടതിയെത്തിച്ചേര്‍ന്നത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഞ്ച് സാക്ഷികളാണ് വിചാരണക്കിടെ കൂറുമാറിയത്. ആറുസാക്ഷികള്‍ പൊലീസ് നിര്‍ബന്ധിച്ചാണ് തങ്ങളെ സാക്ഷികളാക്കിയതെന്ന് കോടതിയില്‍ അറിയിച്ചു. കൊലപാതകം ചെയ്യാനുപയോഗിച്ച ആയുധങ്ങള്‍ പൊലീസിന് കണ്ടെത്താനായില്ല. പൊലീസിനെ വിചാരണയുടെ ഒരുഘട്ടത്തിലും ക്രോസ് വിസ്താരം ചെയ്യാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ല. വിചാരണയുടെ അന്തിമഘട്ടത്തില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി.
കലാപവുമായി ബന്ധപ്പെട്ട പത്ത് കൊലപാതകക്കേസുകളിലെ പ്രതികളെ 2017 ജനുവരി മുതല്‍ 2019 ഫെബ്രുവരി വരെയുള്ള വിചാരണക്കിടയില്‍ കുറ്റവിമുക്തരാക്കിയിരുന്നു. അഖിലേഷ് യാദവ് സര്‍ക്കാരിന്‍റെ കാലത്ത് രജിസ്റ്റര്‍ ചെയ്തവയാണ് കേസുകളില്‍ പലതും. കലാപത്തിന് കാരണമായതായി കണക്കാക്കുന്ന കവാല്‍ ഗ്രാമത്തില്‍ 2013 ഓഗസ്റ്റ് 27 ന് നടന്ന കൊലപാതകത്തില്‍ 7 പേര്‍ക്ക് ജീവപരന്ത്യം നേരത്തെ വിധിച്ചിരുന്നു. സെഷന്‍സ് കോടതിയുടേതായിരുന്നു ഈ തീരുമാനം. 53 പേരാണ് കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ നിന്ന് കുറ്റവിമുക്തരായത്. കുറ്റവിമുക്തരാക്കിയ കേസുകളില്‍ കൂട്ടബലാത്സംഗത്തിന് നാലു കേസുകളും 26 കേസുകള്‍ കലാപമുണ്ടാക്കിയതിനുമാണ്.
പ്രോസിക്യൂഷന്‍ മുഖ്യസാക്ഷിയായ സാരിഫ് എന്നയാള്‍ നേരത്തെ പ്രതികളെ തിരിച്ചറിയാന്‍ വിസമ്മതിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ടവര്‍ കൊലപാതകം ചെയതിട്ടുള്ളവരാണ്. എന്നാല്‍ തങ്ങള്‍ ദുര്‍ബലരായതിനാല്‍ ഒത്തുതീര്‍പ്പിലെത്തേണ്ടി വന്നുവെന്നും മുസാഫര്‍നഗര്‍ സെഷന്‍സ് കോടതിയില്‍ വ്യക്തമാക്കിയ ശേഷമായിരുന്നു പ്രതികളെ തിരിച്ചറിയാന്‍ ഇയാള്‍ വിസമ്മതിച്ചത്. കോടതികള്‍ കയറിയിറങ്ങാന്‍ പണമില്ല, വീട്ടില്‍ പട്ടിണിയിലായവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കാത്തവര്‍ കോടതിയില്‍ നീതി തേടുന്നതിലെ കാര്യമെന്താണെന്നായിരുന്നു ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങളില്‍ പലതും പരസ്പരവിരുദ്ധമാണെന്നുമുള്ള നിരീക്ഷണത്തോടെയാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട വിധികളില്‍ അപ്പീല്‍ പോകാനുള്ള തീരുമാനമില്ലെന്ന് യുപി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. പ്രോസിക്യൂഷന്‍റെ പരാജയം ഉയര്‍ത്തിക്കാണിച്ചാണ് സര്‍ക്കാരിന്‍റെ നിലപാട്. 2013ലെ കലാപത്തിൽ 63 പേരാണ് കൊല്ലപ്പെട്ടത്. 40000 ത്തിലേറെ പേർക്ക് മുസാഫർ നഗർ വിട്ട് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നെന്നും കണക്കുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam