
ചണ്ഡിഘട്ട്: ഹരിയാനയിലെ പഞ്ച്കുളയിൽ 2017ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാൻ അടക്കം 35 പേർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും പ്രതികൾക്കെതിരെ ചുമത്തപ്പെട്ട മറ്റുവകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
ദേര സച്ചാ സൗദ തലവനായ ഗുര്‍മീത് റാം റഹിമിന് ബലാത്സംഗക്കേസിൽ കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചതിന് പിന്നാലെയാണ് പഞ്ചകുളയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മുപ്പതിലധികം ആളുകൾ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1999 ല്‍ സ്ത്രീകളായ രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഗുര്‍മീതിന് കോടതി തടവുശിക്ഷ വിധിച്ചത്.
കലാപമുണ്ടാക്കിയതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹണിപ്രീതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്. കഠിന തടവ് വിധിക്കപ്പെട്ട ഗുർമീതിനെ കലാപമുണ്ടാക്കി പ്രത്യേക സിബിഐ കോടതിയില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനുവേണ്ടി ഗൂഢാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരായ ആരോപണം.
അംബാല ജയിലില്‍ കഴിയുന്ന ഹണിപ്രീതും സുഖ്‌വിന്ദര്‍ കൗറും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് വിചാരണ നേരിട്ടത്. മറ്റുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരായി. നവംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, മാധ്യമപ്രവര്‍ത്തകൻ രാം ചന്ദര്‍ ഛത്രപതിയെ വെടിവച്ച് കൊന്ന കേസിൽ ഗുര്‍മീത് റാം റഹീമിനും അനുനായികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് 'പൂരാ സച്ച്' എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 2002 നവംബര്‍ രണ്ടിന് ഛത്രപതിയെ ഗുർമീത് വെടിവച്ച് കൊല്ലുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam