
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ രോഗബാധിതര്‍ ആയിരം കടന്നു. വെല്ലൂരില്‍ എട്ട് ബാങ്ക് ജീവനകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ തെരുവികളിലേക്കും കൊവിഡ് പടരുന്നതാണ് ആശങ്കയെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു. മറ്റു സ്ഥലങ്ങളില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയം ആണെങ്കിലും ചെന്നൈയില്‍ സ്ഥിതി സങ്കീര്‍ണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.
രോഗലക്ഷ്ണം ഇല്ലാത്തവരാണ് പുതിയ കൊവിഡ്ബാധിതരില്‍ കൂടുതലും. ചെന്നൈയില്‍ മാത്രം നാല് ദിവസത്തിനിടെ അഞ്ഞൂറിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പൊതുസമ്പര്‍ക്കം പുലര്‍ത്തിയവരാണ് പുതിയ രോഗികളില്‍ ഭൂരിഭാഗവും. വെല്ലൂരില്‍ അസിസ്റ്റന്‍റ് മാനേജര്‍ക്ക് ഉള്‍പ്പടെ എട്ട് ബാങ്ക് ജീവനക്കാർക്കാണ് കൊവിഡ്. ഇവരുടെ വീട്ടുകാരെ ഉള്‍പ്പടെ നിരീക്ഷണത്തിലാക്കി.
കോയമ്പേട് മാര്‍ക്കറ്റില്‍ കൂടുതല്‍ കച്ചവടക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇക്കാലയളവില്‍ ചന്തയില്‍ എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നാല് തെരുവുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതാണ് ആശങ്ക .അതേസമയം അതിര്‍ത്തി ജില്ലകളില്‍ തുടര്‍ച്ചയായ നാലാം ദിവസവും പുതിയ രോഗബാധിതര്‍ ഇല്ലാത്തതും ആശ്വാസമായി.