
ദില്ലി: തനിക്കൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ദില്ലിയിലെ രജൗരി ഗാർഡൻ പ്രദേശത്താണ് ക്രൂര കൊലപാതകം നടന്നത്. രഘുബീർ നഗർ നിവാസിയായ ഗൗതമാണ്(21) ഭാര്യ മന്യയെ (20) കുത്തിക്കൊലപ്പെടുത്തിയത്. ഇന്നു പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഗൗതമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഖയാല പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്നു പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദ സാഹചര്യത്തിൽ ഒരു യുവാവിനെ കണ്ടത്. ഷർട്ട് ധരിക്കാതെ പരിഭ്രാന്തിയിൽ നടന്ന് പോകുന്ന ഗൗതമിനെ പുലർച്ചെ 1.20 ഓടെ ഹെഡ് കോൺസ്റ്റബിളായ അജയ് തടഞ്ഞ് വെയ്ക്കുകയായിരുന്നു. അസ്വഭാവികത തോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച ചോദ്യം ചെയ്തപ്പോഴാണ് യുവാവ് താൻ ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഗൗതമും മന്യയും വിവാഹിതരായത്. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ഇരുവരുടേയും വിവാഹം. വീട്ടുകാരെ ഇക്കാര്യങ്ങൾ ഗൗതം അറിയിച്ചിരുന്നില്ല. വിവാഹ ശേഷം ഇരുവരും തങ്ങളുടെ വീടുകളിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് വിവിധ സ്ഥലങ്ങളിൽ വെച്ച് ഇരവരും കണ്ടുമുട്ടുകയായിരുന്നു പതിവ്. ഇന്നലെയും ഇരുവരും തമ്മിൽ കണ്ടു. ഞായറാഴ്ച രാത്രി രജൗരി ഗാർഡൻ ഏരിയയിലെ തിതാർപുരിൽ കാറിൽവച്ചാണ് ഗൗതവും മന്യയും തമ്മിൽ കണ്ടത്. സംസാരത്തിനിടെ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ലെന്നും വിവാഹിതരായ സ്ഥിതിക്ക് ഇനി ഒരുമിച്ച് താമസിക്കണമെന്നും മന്യ ഗൌതമിനോട് ആവശ്യപ്പെട്ടു.
എന്നാൽ പെട്ടന്ന് ഒരുമിച്ച് താമസിക്കാൻ പറ്റില്ലെന്നും വീട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ സമയം വേണമെന്നും ഗൌതം ആവശ്യപ്പെട്ടു. മന്യ ഇത് സമ്മതിച്ചില്ല. ഇതോടെ കാറിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനിടെ പ്രകോപിതനായ യുവാവ് മന്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി തവണ മന്യക്ക് കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതി മരിച്ചെന്ന് ഉറപ്പായതെ ഗൌതം കാർ ശിവാജി കോളജിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ മുന്നിൽപ്പെടുന്നത്. സംശയം തോന്നിയ പൊലീസുകാരൻ ഗൌതമിനെ പിടികൂടിയതോടെ കൊലപാതകം പുറത്താവുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും രജൗരി ഗാർഡൻ പൊലീസ് അറിയിച്ചു.
Read More : ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ, കണ്ടത് നിലത്ത് അബോധാവസ്ഥയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam