
ഗുരുഗ്രാം: ആഡംബര കാറുകൾ ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തി 'റീൽ' ചിത്രീകരിച്ച സംഭവത്തിൽ ഗുരുഗ്രാമിൽ പോലീസ് നടപടി. സെക്ടർ 108-ന് സമീപമുള്ള റോഡിൽ 22 കാറുകളുമായി എത്തിയാണ് ഒരു സംഘം റീൽ ചിത്രീകരിക്കാനായി ഗതാഗതം തടസ്സപ്പെടുത്തിയത്. വലിയ ശബ്ദത്തിൽ ഹോൺ മുഴക്കുകയും ഏഴ് മിനിറ്റിലധികം സമയം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാനുള്ള, നാല് കോടിയോളം വിലവരുന്ന ആസ്റ്റൺ മാർട്ടിൻ അടക്കമുള്ള ആഡംബര കാറുകൾ നിരത്തി നിർത്തിയായിരുന്നു സംഘം വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ അപ്പോൾ തന്നെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഇവര്‍ കാര്‍ മാറ്റാൻ തയ്യാറായത്. ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നതുപോലെ ആയിരുന്നു കാറുകൾ നിരത്തി നിര്‍ത്തിയുള്ള റീൽസ് ചിത്രീകരണം.
സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് കേസെടുക്കുകയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിച്ച 22 വാഹനങ്ങളും പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുജനജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ തമാശയായി കണക്കാക്കാനാവില്ലെന്നും, അതൊരു കുറ്റകൃത്യമാണെന്ന് തിരിച്ചറിയുന്ന തരത്തിൽ മാതൃകാപരമായ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.