
വിശാഖപട്ടണം: ബോബിലി മണ്ഡലത്തിലെ ഗോർലേസിതാരംപുരം ഗ്രാമത്തിൽ ലോറിമറിഞ്ഞ് 22 പശുക്കൾ ചത്തു. നിരവധി പശുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ആന്ധ്രയുടെ വടക്കൻ തീരപ്രദേശങ്ങൾ, തെക്കൻ ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും ഇടയ്ക്ക് ബംഗ്ലാദേശിലേക്കും കന്നുകാലികളെ കടത്തുന്ന റാക്കറ്റുകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു.
രായഗഡയിൽ നിന്ന് തെലങ്കാനയിലേക്ക് പശുക്കളെ ലോറിയിൽ കുത്തിനിറച്ച് കയറ്റി കൊണ്ടുപോകുമ്പാഴായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. വിഴിയനഗരം ജില്ലയിലെത്തിയ ലോറി കുഴികൾ നിറഞ്ഞ വെള്ളക്കെട്ടുള്ള റോഡിൽ വച്ച് ഡ്രൈവർ വെട്ടിക്കാൻ ശ്രമിച്ചപ്പോൾ മറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ റോഡ് ഗതാഗതം സ്തംഭിച്ചു. പൂജ ആഘോഷങ്ങൾക്കിടെയുണ്ടായ അപകടം വലിയ ഗതാഗത കുരുക്കിനാണ് കാരണമായത്.
അതേസമയം കന്നുകാലികളെ കടത്തുന്ന സംഘം വ്യാപകമാണെന്നാണ് ഡക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് പറയുന്നത്. വൻ ബിസിനസാണ് ഇതിന് പിന്നിൽ നടക്കുന്നത്. പൊലീസ് അടക്കമുള്ളവർ ഇതിന് ഒത്താശ ചെയ്യുകയാണ്. കൈക്കൂലി വാങ്ങി വാഹനങ്ങളിൽ കുത്തിനിറച്ചുള്ള കാലിക്കടത്താണ് നടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
പരമാവധി 12 കന്നുകാലികളെ മാത്രമേ വാഹനങ്ങളിൽ കൊണ്ടുപോകാൻ പാടുള്ളൂ എന്നതാണ് നിയമം. എന്നാൽ നാൽപതോളം കന്നുകാലികളെയാണ് വാഹനങ്ങളിൽ കടത്തുന്നത്. കന്നുകാലികളെ കൊണ്ടുപോകുമ്പോൾ മൃഗ ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇടയ്ക്ക് വെള്ളവും ഭക്ഷണവും നൽകാൻ നിർത്തണമെന്നും നിയമമുണ്ട്. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് വിശാഖ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ആൻഡ് കെയർ ഓഫ് അനിമൽസിന്റ ആരോപണം.
Read more: ബലൂൺ വാങ്ങുന്നതിനിടെ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ചു, ട്രിച്ചിയിൽ യുവാവിന് ദാരുണാന്ത്യം
കടത്തിനിടെ പിടിക്കപ്പെടുന്ന കന്നുകാലികളെ താമസിപ്പിക്കാൻ ഷെൽട്ടറുകൾ ഇല്ലെന്നതാണ് സർക്കാർ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. എന്നാൽ വിശാഖ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ആൻഡ് കെയർ ഓഫ് അനിമൽസ് ഹൈക്കോടതിയെ സമീപിച്ച് ഷെൽട്ടറുകൾ നിർമിക്കാൻ ഉത്തരവ് നേടി. എന്നാൽ ഷെൽട്ടറുകളിൽ ഒരു പശു പോലും ഇല്ലെന്നും കാര്യക്ഷമമല്ലാതെയാണ് ഇത് നിർമിച്ചതെന്നും സംഘടനാ സ്ഥാപകൻ പ്രദീപ് കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam