ഗുജറാത്തില്‍ ഇത്തവണയും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ

By Web TeamFirst Published Oct 3, 2022, 6:50 PM IST
Highlights

1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുകയാണ് ബിജെപി.  2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ സ്വന്തമാക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ  പ്രവചിക്കുന്നത്.

അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് സർവെ ഫലം.  എബിപി - സിവോട്ടർ സർവെയാണ്  തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി വിജയം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഗുജറാത്തിന് പുറമെ ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വെയില്‍ പറയുന്നു. കോണ്‍ഗ്രസ് രണ്ട് സംസ്ഥാനങ്ങളിലും തകര്‍ന്നടിയുമെന്നും സര്‍വെയില്‍ പറയുന്നു. 

1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുകയാണ് ബിജെപി.  2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ സ്വന്തമാക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ  പ്രവചിക്കുന്നത്. 2017ൽ 99 സീറ്റുകളിലായിരുന്നു ബിജെപി വിജയം നേടിയത്, അന്ന് 77 സീറ്റുകളായിരുന്നു കോൺഗ്രസിന്. കോൺഗ്രസിന് ഇത്തവണ 36 - 44 സീറ്റുകളായി ചുരുങ്ങുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ  അട്ടിമറി ജയത്തിന് ശേഷം ഗുജറാത്തിലും ശക്തമായി പ്രവർത്തിക്കുന്ന ആംആദ്മി പാർട്ടി 0 - 2 സീറ്റുകൾ വരെ നേടും. 17.4 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കുമെന്ന് സർവെയിൽ പറയുന്നു. 

കഴിഞ്ഞ ഒക്ടോബറില്‍ ആണ്  എബിപി ന്യൂസ്-സിവോട്ടർ സര്‍വ്വേ നടത്തിയത്.  ഗുജറാത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 34.6% നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അനുകൂലിച്ചു. അതേസമയം 15.6% പേർ ആം ആദ്മിയുടെ സ്ഥാനാർത്ഥി  മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.  9.2% പേർ ബിജെപിയുടെ  മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെ അനുകൂലിച്ചു.  5% പേർ  മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെയും അനുകൂലിച്ചു.

അതേസമയം ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെങ്കിലും വോട്ട് ശതമാനത്തിൽ കുറവ് ഉണ്ടാകുമെന്ന് സർവെയിൽ പറയുന്നു. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപിക്ക് ലഭിക്കുക.   എന്നാൽ ഇത് 2017നേക്കാൾ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. ഇത്തവണ കോൺഗ്രസിന് 32.3 ശതമാനം വോട്ട് ഷെയർ നേടാനാകുമെന്നാണ് പ്രവചനം.  2017ൽ 44.4 ശതമാനമായിരുന്നു കോണ്‍ഗ്രസ് വോട്ട് ഷെയര്‍. പഞ്ചാബിലടക്കമുള്ള മുന്നേറ്റത്തിന്‍റെ ഫലമായി എഎപി ഈ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കുമെന്നും സർവെ വ്യക്തമാക്കുന്നു.  

ഹിമാചൽപ്രദേശിലും ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവെ പറയുന്നത്. അധികാരം നേടാനാകുമെങ്കിലുി ബിജെപിക്ക് നേരെത്തേ നേടിയ വോട്ട് വിഹിതം ലഭിക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 48.8 ശതമാനം ആയിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയ വോട്ടു വിഹിതം. എന്നാല്‍ ഇത്തവണ അത്  45.2 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്.  

ബിജെപി 37 മുതല്‍ 48 സീറ്റുകൾ നേടുമെന്നും രണ്ടാമതെത്തുന്ന കോൺഗ്രസിന് 21 മുതല്‍ 29 സീറ്റുകൾ വരെ  നേടാനാകുമെന്നുമാണ് സർവെയിൽ പ്രവചിക്കുന്നത്. 41.7 ശതമാനമായിരുന്ന കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിതം   33.9 ശതമാനമായി കുറയുമെന്നും സർവെ പറയുന്നു. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണ ക്യാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ ഹിമാചൽ പ്രദേശിൽ ഉണ്ടാക്കാനിടയില്ലെന്നും സര്‍വെ പ്രവചിക്കുന്നു.  പരമാവധി ഒര സീറ്റ് വരെയെ ആം ആദ്മിക്ക് നേടാനാവൂ എന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ പ്രവചനം.
 Read More : അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്,രാജ്കോട്ടിൽ നവരാത്രി ആഘോഷപരിപാടിക്കിടെ ആക്രമണ ശ്രമം,പരിക്കില്ല

tags
click me!