
ദില്ലി: കർണാടകയിലെ മൈസൂരില്‍ കോരിച്ചൊരിയുന്ന മഴയിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ച് ബിജെപി. മഴ നനഞ്ഞ് പ്രചരണം നടത്തിയ ശരദ് പവാറിനെ വാഴ്ത്തിയവര്‍ തന്നെയാണ് രാഹുലിനെയും പുകഴ്ത്തുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. മഹാരാഷ്ട്രയില്‍ അവസാനം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. 'ഭാരത് ജോഡോ യാത്ര'യില്‍ ഞായറാഴ്ച പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യുമ്പോഴാണ് മഴ പെയ്തത്.
ഇതിന്‍റെ വീഡിയോ രാഹുല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ ആർക്കും ഞങ്ങളെ തടയാനാകില്ല. ഇന്ത്യയുടെ ശബ്‍ദം കേള്‍ക്കുന്നതില്‍ നിന്ന് ആർക്കും ഞങ്ങളെ തടയാനാവില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെ പോകും, ഭാരത് ജോഡോ യാത്ര തടയാൻ ആർക്കും കഴിയില്ല, മഴയത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോയ്ക്കൊപ്പം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഈ വീഡിയോ കോണ്‍ഗ്രസ് അണികള്‍ ഏറ്റെടുക്കുകയായിരുന്നു.
'ഭാരത് ജോഡോ യാത്ര' ഔദ്യോഗിക അക്കൗണ്ടിലും ഈ വീഡിയോ പങ്കുവെച്ചു. “ഒഴിവുകഴിവുകള്‍ ഇല്ല. പാഷന്‍ മാത്രം. #BharatJodoYatra അതിന്റെ ലക്ഷ്യം നേടുന്നതിൽ നിന്ന് തടയാൻ ഒന്നിനും ആകില്ല,” മഴയ്ക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേഷും രാഹുലിന്‍റെ പ്രസംഗത്തെ പുകഴ്ത്തി രംഗത്ത് എത്തി. “ഗാന്ധി ജയന്തി വൈകീട്ട് മൈസൂരിൽ പെയ്ത മഴയില്‍ നിന്നും മാറി നില്‍ക്കാതെ രാഹുൽ ഗാന്ധി ജനസാഗരത്തിന് ഊര്‍ജ്ജം നല്‍കി. ശക്തമായ പ്രഖ്യാപനമായിരുന്നു അത്. വിദ്വേഷത്തിനെതിരെയും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെ സംസാരിക്കുന്നതിൽ നിന്നും ഭാരത് ജോഡോ യാത്രയെ ഒരു ശക്തിക്കും തടയാനാവില്ലെന്ന പ്രഖ്യാപനം", ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam