പാചകക്കാരി ദളിത് സ്ത്രീ, ക്വാറന്‍റീന്‍ കേന്ദ്രത്തിലെ വെള്ളവും ഭക്ഷണവും കഴിക്കാതെ യുവാവ്; പൊലീസ് കേസെടുത്തു

By Web TeamFirst Published May 20, 2020, 8:40 PM IST
Highlights

പാചകക്കാരി സ്പര്‍ശിച്ച ഗ്ലാസിലെ വെള്ളം പോലും കുടിക്കാന്‍  യുവാവ് വിസമ്മതിച്ചതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. 

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈറ്റിനാളില്‍ കൊഡ് 19 ക്വാറന്റീന്‍ കേന്ദ്രത്തില്‍ ദളിത് സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു. സംഭവത്തില്‍ യുവാവിനെതിരേ പൊലീസ് കേസെടുത്തു. നൈനിറ്റാളിലെ ഭുംക ഗ്രാമത്തിലെ ദിനേശ് ചന്ദ്ര മില്‍ക്കാനി(23)ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസും റവന്യൂ അധികൃതരും കേസെടുത്തത്. ഗ്രാമമുഖ്യന്റെ പരാതിയിലാണ് നടപടി.  ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് താത്കാലിക ക്വാറന്റീന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദിനേശും മരുമകനും മറ്റ് മൂന്ന് പേരും മെയ് 15 മുതൽ ഇവിടെ നിരീക്ഷണത്തിലാണ്.

എന്നാല്‍ ഇവിടെ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനോ പാചകക്കാരിയായ ദളിത് സ്ത്രീ നല്‍കുന്ന വെള്ളം കുടിക്കാനോ ദിനേശും കൂടെയുണ്ടായിരുന്നവരും തയ്യാറായിരുന്നില്ല. തനിക്കുള്ള ഭക്ഷണം  വീട്ടില്‍നിന്ന് കൊണ്ടുവരുമെന്നായിരുന്നു മറുപടി. ആദ്യം ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് പാചകക്കാരി സ്പര്‍ശിച്ച ഗ്ലാസിലെ വെള്ളം പോലും കുടിക്കാന്‍  യുവാവ് വിസമ്മതിച്ചതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. മാത്രമല്ല, വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവര്‍ സ്പര്‍ശിക്കാനും ഇവര്‍  അനുവദിച്ചിരുന്നില്ല. ഇക്കാര്യം പാചകക്കാരി ഗ്രാമമുഖ്യനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമമുഖ്യനാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. 

അതേസമയം, ദളിത് സ്ത്രീ പാകം ചെയ്തത് കൊണ്ടാണ് താന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ആരോപണം മില്‍ക്കാനി നിഷേധിച്ചു. താന്‍ എല്ലായ്‌പ്പോഴും വീട്ടിലുണ്ടാക്കുന്ന  ക്ഷണം കഴിക്കുന്നയാളാണെന്നും മറ്റുള്ളവര്‍ പാകം ചെയ്യുന്നത് കഴിക്കാറില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. ഇതില്‍ ജാതിവിവേചനമില്ലെന്നും യുവാവ് പറഞ്ഞു.  സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി നൈനിറ്റാള്‍ ജില്ലാ മജിസ്‌ട്രേറ്റ് സവിന്‍ ബന്‍സാല്‍ അറിയിച്ചു.  എസ്‌സി / എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ദിനേശ് ചന്ദ്ര മില്‍ക്കാനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

click me!