കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ബസുമായെത്തി; യുപിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

By Web TeamFirst Published May 20, 2020, 7:55 PM IST
Highlights

കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാനായി ബസുകള്‍ എത്തിച്ചതിനാണ് കേസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉത്തര്‍ പ്രദേശ് സര്‍ക്കാരും തമ്മില്‍ കത്തുകളിലൂടെയുള്ള പോരാട്ടത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ 100 ബസുകള്‍ ചൊവ്വാഴ്ച രാത്രി നോയിഡയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. 

നോയിഡ: ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ മറികടന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാനായി ബസുകള്‍ എത്തിച്ചതിനാണ് കേസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉത്തര്‍ പ്രദേശ് സര്‍ക്കാരും തമ്മില്‍ കത്തുകളിലൂടെയുള്ള പോരാട്ടത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ 100 ബസുകള്‍ ചൊവ്വാഴ്ച രാത്രി നോയിഡയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. 

ഈ ബസുകള്‍ ഇന്ന് രാവിലെ ഉത്തര്‍പ്രദേശ് പൊലീസ് തടയുകയും 20ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്  പങ്കജ് മാലിക് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകാനായി കൊണ്ടുവന്ന രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തതെന്നാണ് യുപി പൊലീസ് വിശദമാക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വാഹനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നാണ് സൂചനയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. 500 ബസുകള്‍ ആഗ്ര അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണെന്നും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. ഈ ബസുകളിലി‍ ബിജെപിയുടെ കൊടികള്‍ വയ്ക്കാന്‍ വരെ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടും അവര്‍ വട്ടം കറക്കുകയാണെന്ന് അഭിഷേക് മനു സിംഗ്വി പറയുന്നു. 

കുടിയേറ്റ തൊഴിലാളികളെ നാടുകളില്‍ എത്തിക്കാനായി  ആയിരം ബസുകള്‍ ഒരുക്കാമെന്ന പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. തയ്യാറായ ബസുകളുടെ വിവരം നല്‍കാനും യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍  ഓട്ടോറിക്ഷയും കാറും അടക്കമുള്ള വാഹനമുണ്ടെന്നായിരുന്നു പട്ടിക ലഭിച്ച ശേഷം ബിജെപി ആരോപിച്ചത്. 

click me!