23,179 പുതിയ രോഗികള്‍, 84 മരണം; മഹാരാഷ്ട്ര കൊവിഡ് ഭീതിയില്‍

By Web TeamFirst Published Mar 17, 2021, 9:16 PM IST
Highlights

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് പിടിച്ചുകെട്ടാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
 

മുംബൈ: മഹാരാഷ്ട്ര വീണ്ടും കൊവിഡ് ഭീതിയില്‍. ബുധനാഴ്ച 23,179 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 30 ശതമാനം അധികം വര്‍ധനവുണ്ടായി. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത്. 2377 പേര്‍ക്കാണ് തലസ്ഥാന നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് പിടിച്ചുകെട്ടാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

1.14 കോടി ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത്. അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. പരിശോധന ശക്തിപ്പെടുത്താനും മാസ്‌ക് നിര്‍ബന്ധമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. എത്രയും വേഗത്തില്‍ കര്‍ശന നടപടികളുണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ 70 ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ധനവുണ്ടായതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.

ഫെബ്രുവരിയില്‍ 9000 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് രണ്ടാം വാരമായപ്പോഴേക്കും രോഗികളുടെ എണ്ണം പ്രതിദിനം 20000 കടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 64 ശതമാനവും മഹാരാഷ്ട്രയിലാണ്.
 

click me!