
ദില്ലി: അരുണാചല്‍പ്രദേശില്‍ യുറേനിയം നിക്ഷേപം കണ്ടെത്താനുള്ള നീക്കവുമായി ഇന്ത്യ. അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) ആണ് അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് യുറേനിയം ഖനനത്തിന് സാധ്യത തേടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് കുറച്ച് കിലോമീറ്ററുകള്‍ മാറിയാണ് അരുണാചല്‍ പദ്ധതി പ്രദേശം. പദ്ധതി രാജ്യത്തിന്റെ യുറേനിയം കുറവ് നികത്തുമെന്നും രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എഎംഡി ഡയറക്ടര്‍ ഡികെ സിന്‍ഹ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ എന്ന പ്രദേശത്താണ് ഖനനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എത്തിപ്പെടാനുള്ള സൗകര്യമാണ് പദ്ധതിക്കായി അരുണാചലിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ന്യൂക്ലിയര്‍ ഫ്യുവര്‍ കോംപ്ലക്‌സ് ചെയര്‍മാന്‍ ദിനേശ് ശ്രീവാസ്തവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുറമെ, രാഷ്ട്രീയ സാഹചര്യവും യുറേനിയം ഖനനത്തിന് കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യയുടെ നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ചൈന രംഗത്തെത്തി. അരുണാചല്‍ തര്‍ക്ക പ്രദേശമാണെന്നും അതുകൊണ്ടുതന്നെ യുറേനിയം ഖനനം നടത്തരുതെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകാനേ കാരണമാകുവെന്നും ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam