ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ മരണം 26 ആയി; 197 പേരെ കാണാതായെന്ന് ദുരന്ത നിവാരണ സേന

By Web TeamFirst Published Feb 8, 2021, 8:52 PM IST
Highlights

ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് പ്രളയത്തിൽ 197 പേരെ കാണാതായി. തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്ക് ആയുള്ള തിരച്ചിൽ തുടരുന്നു.

ദില്ലി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് പ്രളയത്തിൽ 197 പേരെ കാണാതായി. തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണും ചെളിയും കാരണം തുരങ്കത്തിൽ നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റർ ആണ് തുരങ്കത്തിന്‍റെ നീളം. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുന്നു.

ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എൻഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും  രക്ഷാപ്രവർത്തകര്‍  പറയുന്നു.  പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍  ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്  രക്ഷാപ്രവർത്തനം വിലയിരുത്തി.

അതേസമയം ദുരന്തത്തിന്‍റെ കാരണം സംബന്ധിച്ച് വിദഗ്ധര്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്ലോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സാറ്റ്ലൈറ്റ് പരിശോധിച്ചെങ്കിലും ഉത്തരമൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്ഥലത്ത് പഠനം നടത്തും.

click me!