രാജസ്ഥാന്‍ നഗരസഭ ഭരണത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

By Web TeamFirst Published Feb 8, 2021, 8:01 PM IST
Highlights

24 ഇടങ്ങളിൽ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണ ഉറപ്പിച്ചത്. 90 നഗരസഭകളിൽ 60ലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. എൻസിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി.

ജയ്പുർ: രാജസ്ഥാനിലെ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം.  90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ ഭരണം പിടിച്ച് കോൺഗ്രസ്. ഇതില്‍ 19 നഗരസഭകളിൽ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി. ബാക്കി ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്.

24 ഇടങ്ങളിൽ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണ ഉറപ്പിച്ചത്. 90 നഗരസഭകളിൽ 60ലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. എൻസിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപറേഷൻ എന്നിവയിലേക്കാണു ജനുവരി 28നു രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്.

ആകെയുള്ള 3095 വാർഡുകളിൽ 1197ൽ വിജയിച്ച് കോൺഗ്രസ് മുൻതൂക്കം നേടിയിരുന്നു. എന്നാൽ 1140 സീറ്റിൽ വിജയിച്ച ബിജെപിക്കു കൂടുതൽ സ്ഥലങ്ങളിൽ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ഇതോടെ വിജയിച്ച 634 സ്വതന്ത്രരുടെ വോട്ട് ഭരണം നേടുന്നതിൽ നിർണായകമായി. ജനുവരി 31നു ഫലമറിഞ്ഞ നഗരസഭകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പു നടന്നത്. 

ഡിസംബറിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലും സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ കൂടുതൽ സ്ഥലങ്ങളിൽ അധികാരം നേടാൻ കോൺഗ്രസിനു സാധിച്ചിരുന്നു. അന്നു തിരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളിൽ 33ലും ചെയർപഴ്സൻ സ്ഥാനം നേടാൻ പാർട്ടിക്കായപ്പോൾ 10 ഇടങ്ങളെ ബിജെപിക്ക് ലഭിച്ചുള്ളൂ. കുറഞ്ഞത് 50 നഗരസഭകളിൽ അധികാരം പിടിക്കുമെന്നാണു കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്. 

click me!