പൂഞ്ചില്‍ പാക് ഷെല്ലാക്രമണം: ഗ്രാമവാസിയായ യുവതി കൊല്ലപ്പെട്ടു, ഒരു സൈനികന് പരിക്ക്

By Web TeamFirst Published Mar 1, 2019, 10:17 AM IST
Highlights

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ അതിര്‍ത്തി, നിയന്ത്രണരേഖ പ്രദേശങ്ങളില്‍ പാക് പ്രകോപനം തുടരുന്നു. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ അതിര്‍ത്തി, നിയന്ത്രണരേഖ പ്രദേശങ്ങളില്‍ പാക് പ്രകോപനം തുടരുന്നു. കഴി‍ഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 27കാരി കൊല്ലപ്പെട്ടു. അമിന അക്തര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ യാദവ് വ്യക്തമാക്കി. 

കാലികളെ മേയ്ക്കുന്നതിനിടെ ഷെല്ലാക്രമണം നടക്കുകയായിരുന്നു. അമിന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. കുപ്വാര മേഖലയില്‍  പോസ്റ്റിങ് ലഭിച്ച സാക്കിര്‍ ഹുസൈന്‍ എന്ന സൈനികനാണ് പരിക്കേറ്റത്. ഇദ്ദേഹം അവധിയിലായിരുന്നു. സൈനികന്‍ രജൗരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പാക് ആക്രണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്തവ് ലെഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. ചെറിയ ആയുധങ്ങളും മോര്‍ട്ടാര്‍ ഷെല്ലുമുപയോഗിച്ചാണ് ആക്രമണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുന്ദര്‍ബാനി, മന്‍കോട്ട്, ഖാരി കര്‍മാരാ, ദേവ്ഗര്‍ മേഖലയില്‍‍ ഇന്നലെ രാവിലെ ആറുമണി മുതല്‍ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ പ്രദേശങ്ങളാണിവ.

click me!