
ഝാൻസി: ഹോട്ടൽ മുറിയിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മുസ്കാൻ സിമോലിയ (28) ആണ് ഉത്തര്‍പ്രദേശിലെ ഝാൻസിയിലുള്ള സിപ്രി ബസാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഒരു ഹോട്ടലിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഭർത്താവിനൊപ്പം ഹോട്ടൽ മുറിയിലേക്ക് കയറുന്നതിനിടെ വാതിൽക്കൽ മുസ്കാൻ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. ജൂൺ 29-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
സംഭവത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് മാനേജരായ ഭർത്താവ് നീലേഷിനൊപ്പം മുസ്കാൻ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, ഭർത്താവിനും ഹോട്ടൽ ജീവനക്കാരനുമൊപ്പം മുറിയിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ച് സെക്കൻഡിനുള്ളിൽ മുസ്കാൻ വാതിൽക്കൽ വെച്ച് പെട്ടെന്ന് പുറകോട്ട് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ തല നിലത്തടിക്കുകയും ചെയ്തു. ഉടൻതന്നെ ഭർത്താവ് നീലേഷ് യുവതിയെ കോരിയെടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.
പിറ്റേന്ന് രാവിലെ യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പിതാവിന്റെ ആരോപണങ്ങൾ മകളുടെ തലയിൽ പരിക്കുകളുണ്ടെന്നും ഇത് മർദ്ദനമേറ്റതാണെന്നും മുസ്കാന്റെ പിതാവ് റാംജി ലാൽ അഹിർവാർ ആരോപിച്ചു. നീലേഷിന് മുൻപ് മറ്റൊരു വിവാഹം കഴിഞ്ഞിരുന്ന വിവരവും ഇൻഡോറിൽ ആദ്യ ഭാര്യയുണ്ടെന്ന കാര്യവും പിന്നീട് മാത്രമാണ് തങ്ങൾ അറിഞ്ഞതെന്നും, ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായും പിതാവ് പറഞ്ഞു. ഒക്ടോബർ 28-ന് നടക്കുന്ന റെയിൽവേ ജൂനിയർ എൻജിനീയർ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി ഒക്ടോബർ 10-നാണ് മുസ്കാൻ ത്സാൻസിയിലെ സ്വന്തം വീട്ടിലെത്തിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എന്നാൽ അമ്മായിയെ കാണാനെന്ന വ്യാജേന ഒക്ടോബർ 23-ന് നീലേഷ് എത്തുകയും മുസ്കാനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു എന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ നീലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുഴഞ്ഞുവീഴാനുള്ള വ്യക്തമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കുഴഞ്ഞുവീഴുന്നത് കാണാമെങ്കിലും അവിടെവെച്ച് മർദ്ദനമേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിഷയം വിശദമായി അന്വേഷിച്ചു വരികയാണെന്ന് ത്സാൻസി എസ്പി പ്രീതി സിങ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam