ആ ധീരതയ്ക്ക് രാജ്യത്തിന്‍റെ പ്രണാമം; ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ ജീവത്യാഗം ചെയ്തത് 292 പൊലീസുകാര്‍

By Web TeamFirst Published Oct 21, 2019, 12:45 PM IST
Highlights

സ്വാതന്ത്യം ലഭിച്ചത് മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ ഏകദേശം 35,000 പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

ദില്ലി: രാജ്യസുരക്ഷയ്ക്കായി സ്വന്തം ജീവന്‍ പോലും ത്യജിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ജനത പ്രണമിക്കുമ്പോള്‍ രാജ്യത്ത്  ഒരു വര്‍ഷത്തിനിടെ രക്തസാക്ഷികളായത് 292 പൊലീസുകാര്‍. 2018 സെപ്തംബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സിആര്‍പിഎഫ്, ബിഎസ്എഫ്  ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 292 പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്തതായാണ് ഔദ്യോഗിക വിവരം. സ്വാതന്ത്യം ലഭിച്ചത് മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ ഏകദേശം 35,000 പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞതായും കണക്കുകളില്‍ പറയുന്നു. 

ഒരു വര്‍ഷത്തിനിടെ 67 ഉദ്യോഗസ്ഥര്‍ മരണമടഞ്ഞതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 40 പേര്‍ ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ കണക്കുകള്‍. 21 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയില്‍ നിന്നും 23 പേര്‍,ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസിലെ 24 ഉദ്യോഗസ്ഥര്‍ എന്നിവരും ഇക്കാലയളവില്‍ രക്തസാക്ഷികളായവരില്‍പ്പെടുന്നു. മഹാരാഷ്ട്ര പൊലീസിലെ 20 പേരും ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 15 പേര്‍ ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തിലാണ് മരണമടഞ്ഞത്.

ഛത്തീസ്ഗഢ് പൊലീസിലെ 14 ഉദ്യോഗസ്ഥര്‍, കര്‍ണാടക പൊലീസില്‍ നിന്നും 12 പേര്‍, ദില്ലി, രാജസ്ഥാന്‍ പൊലീസ് സേനകളില്‍ നിന്നായി 10 ഉദ്യോഗസ്ഥര്‍ വീതവും രാജ്യത്തിനായി ജീവത്യാഗം ചെയ്തു. ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, സിക്കിം, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ പൊലീസ് സേനകളില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ സേന, അസാം റൈഫിള്‍സ് എന്നീ സേനകളില്‍ നിന്നും നിരവധി പൊലീസ് ഉദ്യോഗസ്ഥരും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരില്‍ ഉള്‍പ്പെടുന്നു. തീവ്രവാദികളുമായുള്ള ഏറ്റമുട്ടലുകളിലും നക്സല്‍ ആക്രമണങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായത്. 

രാജ്യത്തിനായി ജീവത്യാഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ഇന്ന് നടക്കുന്ന പൊലീസ് സ്മൃതി ദിനാചരണത്തില്‍ 292 പൊലീസുകാരുടെയും പേരുകള്‍ വായിക്കും. 1959-ലെ ചൈനീസ് സേനയുടെ ആക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച 10 പൊലീസുകാരുടെ സ്മരണ പുതുക്കിയാണ് രാജ്യം ഇന്ന് പൊലീസ്  സ്മൃതി ദിനം ആചരിക്കുന്നത്.

click me!