
ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി മൂന്ന് കുട്ടികളടക്കം അഞ്ച് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. നാല് പേർക്ക് പൊള്ളലേറ്റു. നൻപാറ മേഖലയിലെ മസുപൂർ ഗ്രാമത്തിൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഗ്രാമവാസികൾ ഘോഷയാത്ര നടത്തുന്നതിനിടെ അവർ സഞ്ചരിച്ചിരുന്ന വണ്ടിയിലെ ഇരുമ്പ് ദണ്ഡ് വൈദ്യുതലൈനിൽ തട്ടുകയായിരുന്നു. നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലുമാണ് മരിച്ചതെന്ന് റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് അശോക് കുമാർ പിടിഐയോട് പറഞ്ഞു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസ് അറിയിച്ചു.