തമിഴ്നാടിന് കാവേരി വെള്ളം നൽകണമെന്ന സി ഡബ്ല്യു ആർ സി ഉത്തരവിനെതിരെ നിലപാട് കടുപ്പിച്ച് കർണാടക. വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നാണ് കർണാടകയുടെ ആശങ്ക.

ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക. കാവേരിയിലെ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ നിലപാട്. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി ഡബ്ല്യു ആർ സി) യുടെ ഉത്തരവിനെതിരെ കർണാടക രംഗത്തെത്തി. കാവേരി വാട്ടർ മാനേജ്മെന്‍റ് അതോറിറ്റി (സി ഡബ്ല്യ എം എ) യെ സമീപിക്കാനാണ് കർണാടകയുടെ തീരുമാനം. വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടുമെന്നാണ് കർണാടകയുടെ ആശങ്ക. തമിഴ്നാടിനെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍ കർണാടക സന്ദർശിക്കുന്നതിന് എതിരെയും പ്രതിഷേധം ഉയർന്നു.

കർണാടക പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വെള്ളം തുറന്നു വിടണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവ്. തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി ജലതർക്കം വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും ചൂണ്ടിക്കാട്ടി ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് കർണാടക. എന്നാൽ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.

പ്രശ്നത്തിന് സൗഹാർദപരമായ പരിഹാരം കാണുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ ആഗസ്റ്റ് 3-ന് ബെംഗളൂരുവിൽ ചർച്ച നടത്തും. അതേസമയം തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാവേരി വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ തീരുമാനിച്ചു.

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കിടയിൽ കാവേരി നദീജലം പങ്കുവെക്കലിനെ കുറിച്ച് ദീർഘകാലമായുള്ള തർക്കമാണ് കാവേരി ജലവിവാദം. കർണാടകയിലെ കുടക് ജില്ലയിൽ നിന്നുത്ഭവിക്കുന്ന കാവേരി നദി, കർണാടകയിലൂടെ ഒഴുകി തമിഴ്‌നാട്ടിൽ പ്രവേശിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ തുടക്കം കർണാടകയുടെ നിയന്ത്രണത്തിൽ ആയതിനാൽ, മഴക്കുറവുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. 1990-ൽ ആണ് കേന്ദ്ര സർക്കാർ കാവേരി വാട്ടർ ഡിപ്യൂട്ട്‌സ് ട്രിബ്യൂണൽ രൂപീകരിച്ചത്.

മൺസൂൺ കാലത്ത് മഴ കുറയുമ്പോഴാണ് ഈ തർക്കം എല്ലാ വർഷവും വീണ്ടും ഉയർന്നു വരുന്നത്. ലഭ്യമായ വെള്ളം ഇരു സംസ്ഥാനങ്ങളുടെയും പൂർണ്ണ ആവശ്യങ്ങൾ നിറവേറ്റാൻ തികയാതെ വരുമ്പോൾ നിയമ പോരാട്ടങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഉണ്ടാകുന്നു.