മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍; ഉദ്ദവ് താക്കറോട് ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡേ

Published : Jun 21, 2022, 07:53 PM ISTUpdated : Jun 21, 2022, 08:00 PM IST
മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍; ഉദ്ദവ് താക്കറോട് ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡേ

Synopsis

35 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി ഷിൻഡേ ഉദ്ദവ് താക്കറെയെ അറിയിച്ചു. ബിജെപിക്ക് പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. അതേസമയം, വിമതനീക്കത്തിന് പിന്നിൽ പങ്കില്ലെന്നാണ് ബിജെപി  വാദം.

മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം. മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യസർക്കാരിലെ 22 വിമത എംഎൽഎമാർ ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറി. താനെ മേഖലയിലെ മുതിർന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിമായ ഏക്നാഥ് ഷിൻഡേയും മറ്റ് 21 എംഎൽഎമാരുമാണ് ഗുജറാത്തിലേക്ക് പോയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ദവ് താക്കറെ ഷിൻഡേയുമായി ഫോണിൽ സംസാരിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. സംഭാഷണം 20 മിനുട്ട് നീണ്ടു. 35 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി ഷിൻഡേ ഉദ്ദവ് താക്കറെയെ അറിയിച്ചു. ബിജെപിക്ക് പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. ഉദ്ദവും അജിത് പവാറും ഇപ്പോൾ കൂടിക്കാഴ്ച നടത്തുകയാണ്. എൻസിപി അധ്യക്ഷൻ ശരദ് പവാർ എട്ട് മണിയോടെ മുംബൈയിൽ എത്തുമെന്നാണ് വിവരം. അതേസമയം, വിമതനീക്കത്തിന് പിന്നിൽ പങ്കില്ലെന്നാണ് ബിജെപി  വാദം.

രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം. ശിവസേനയിലെ മുതിർന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയാണ് ഇന്നലെ അർധ രാത്രിയോടെ സൂറത്തിലെമറീഡിയൻ ഹോട്ടലിലേക്ക് എംഎൽഎമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകി. പക്ഷെ യോഗത്തിന് പാതി അംഗങ്ങൾ പോലും എത്തിയില്ലെന്നാണ് വിവരം. ആകെയുള്ള  55ൽ 33 പേർ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തോട് അവകാശപ്പെട്ടു. ബിജെപിക്കൊപ്പം നിന്ന് സർക്കാരുണ്ടാക്കണമെന്നാണ് ഏക്നാഥ് ഷിൻഡേ മുന്നോട്ട് വച്ച നിർദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഷിൻഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കർ സൂറത്തിലെത്തി വിമതരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

Also Read: ബ്രൂവറിയിൽ ജോലി ചെയ്ത, ഓട്ടോ ഓടിച്ചിരുന്ന താനെവാല ഇനി കിംഗ് മേക്കറോ? ആരാണ് ഏകനാഥ് ഷിൻഡെ?
 
വിമത നീക്കത്തിന് പിന്നാലെ കോൺഗ്രസും എംഎൽഎമാരുടെ യോഗം അടിയന്തരമായി ചേർന്നു. നിരീക്ഷകനായി മധ്യപ്രദേശിലെ മുതിർന്ന നേതാവ് കമൽ നാഥിനെ മഹാരാഷ്ട്രയിലേക്ക് അയച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉദ്ദവ് താക്കറെയുമായി ഇന്ന് തന്നെ ചർച്ച നടത്തിയേക്കും. അതേസമയം ഈ നീക്കങ്ങളിലൊന്നും പങ്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ പറഞ്ഞത്. എന്നാൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ദില്ലിയിലെത്തി അമിത് ഷാ അടക്കമുള്ളവരുമായി ചർച്ച നടത്തി. ഗുജാറാത്തിലെ സംസ്ഥാന അധ്യക്ഷൻ അടക്കം ബിജെപി നേതാക്കൾ ചിലർ സൂറത്തിലെ ഹോട്ടലിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിട്ടുമുണ്ട്. പക്ഷെ അതെല്ലാം വ്യക്തിപരമായ കൂടിക്കാഴ്ചയെന്ന് പറഞ്ഞ് കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി. അതേസമയം ഹോട്ടലിലുള്ള 9 എംഎൽഎമാരെ കാണാനില്ലെന്ന പരാതിയുമായി അവരുടെ ഭാര്യമാർ  പൊലീസിനെ സമീപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി