
ഭോപ്പാൽ: കാൻസർ ബാധിതയായ മൂന്ന് വയസുകാരി ജൈന മത വിശ്വാസപ്രകാരം നിരാഹാരമനുഷ്ടിച്ച് മരിച്ച സംഭവത്തിൽ വിവാദം. മരണത്തോട് അടുക്കുന്ന സമയത്ത് ജെനമത വിശ്വാസികൾ നടത്തുന്ന ആചാരമാണ് സന്താര. പ്രായമുള്ളവരും രോഗികളും ഇനി ജീവിതത്തിൽ ഒന്നും ചെയ്യാനില്ലെന്ന് തോന്നുന്നവരുമാണ് സാധാരണ നിലയിൽ സന്താര അനുഷ്ഠിക്കുന്നത്. ഭക്ഷണവും വെള്ളവും അടക്കമുള്ള ഉപേക്ഷിച്ച് നിരാഹാരത്തിലൂടെ മരണം വരിക്കുന്നതാണ് ഈ രീതി.
എന്നാൽ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഇത്തരത്തിൽ നിരാഹാരത്തിലൂടെ മരണത്തിന് വിട്ടുനൽകിയതിലാണ് വിവാദം. കഴിഞ്ഞ മാർച്ചിലാണ് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന പിയൂഷ് ജെയിൻ, വർഷ ജെയിൻ ദമ്പതികളുടെ മകളായ വിയാന സന്താര ആചരിച്ചത്. സന്താര ആചരിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്കുള്ള റെക്കോർഡ് വിയാന സ്വന്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 2024 ഡിസംബറിലാണ് വിയാനയ്ക്ക് തലച്ചോറിൽ കാൻസർ സ്ഥിരീകരിച്ചത്. വിവിധ രീതിയിലുള്ള ചികിത്സ നൽകിയെങ്കിലും രോഗത്തിന് ഒരു മാറ്റവുമുണ്ടായില്ല. ഇതോടെയാണ് ടെക്കി ദമ്പതികൾ ആത്മീയ പാതയിലേക്ക് എത്തിയത്. ഇൻഡോറിൽ വച്ച് ഇവരുടെ ആത്മീയ ഗുരുവായ രാജേഷ് മുനി മഹാരാജാണ് കുട്ടിയെക്കൊണ്ട് സന്താര അനുഷ്ഠിക്കാനുള്ള നിർദ്ദേശം നൽകിയത്. അമേരിക്ക അടിസ്ഥാനമാക്കിയുള്ള ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ അവാർഡാണ് മൂന്ന് വയസുകാരി നേടിയത്.
2015ൽ രാജസ്ഥാൻ കോടതി സന്താര, സല്ലേഖന എന്നീ പേരുകളിൽ അറിയപ്പെടുന്ന ആചാരം ജൈന മതത്തിന് അത്യാവശ്യമുള്ളതല്ലെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ ഇതിനെതിരായി സുപ്രീം കോടതി റൂളിംഗ് നൽകുകയായിരുന്നു. സന്താര അനുഷ്ഠിക്കുന്ന വ്യക്തിക്ക് ആചാരത്തിൽ ഭാഗമാകുന്നതിനുള്ള സമ്മതം നൽകുന്നതിനുള്ള പ്രായമാണ് നിലവിലെ കേസിൽ വിവാദങ്ങൾക്ക് കാരണമായിട്ടുള്ളത്. സംഭവത്തിൽ മധ്യപ്രദേശിലെ ബാലാവകാശ കമ്മീഷൻ മെമ്പർ ഓംകാർ സിംഗ് വിമർശനവുമായി എത്തിയിട്ടുണ്ട്. മാതാപിതാക്കളോട് സഹാനുഭൂതിയുണ്ട് എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സന്താര അനുഷ്ടിച്ചത് ഉചിതമല്ല. മരണത്തോടോ അടുത്ത സമയത്തായിരുന്നെങ്കിൽ ആശുപത്രിയിലാണ് ഉണ്ടാവേണ്ടിയിരുന്നതെന്നും ബാലാവകാശ കമ്മീഷൻ അംഗം പറയുന്നു.
വിഷയത്തിലെ നിയമ വശത്തേക്കുറിച്ച് പഠിക്കുകയാണെന്നും ഇതിന് ശേഷമാകും സംഭവത്തിൽ മാതാപിതാക്കൾക്കെതിരായ തുടർനടപടിയെന്നാണ് ബാലാവകാശ കമ്മീഷൻ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ശ്വാസം മുട്ടൽ അടക്കം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് മകൾ നേരിട്ടതെന്നും ജ്യൂസുകൾ മാത്രമായിരുന്നു മകൾക്ക് ഭക്ഷണം നൽകിയിരുന്നതെന്നും ഇതും കഴുത്തിൽ വച്ച ട്യൂബിലൂടെയായിരുന്നുമെന്നാണ് വർഷ പ്രതികരിക്കുന്നത്. കുഞ്ഞിന്റെ വേദന കുറയാനും അടുത്ത ജന്മം മികച്ചതാവാനും വേണ്ടിയാണ് സന്താര അനുഷ്ഠിച്ചതെന്നാണ് മൂന്നുവയസുകാരിയുടെ അമ്മ പ്രതികരിക്കുന്നത്.
ഇൻഡോറിലെ ആശ്രമത്തിൽ വച്ച് ആത്മീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് രാത്രി 9.25ഓടെയാണ് സന്താര ചടങ്ങ് ആരംഭിച്ചത്. 10.05 മണിയോടെ കുട്ടി മരണപ്പെടുകയായിരുന്നു. ചടങ്ങ് ആരംഭിച്ച് 40 മിനിറ്റ് മാത്രമാണ് മരണത്തിലേക്ക് മൂന്ന് വയസുകാരി എടുത്തത്. ഇതിന് പിന്നാലെ ആത്മീയ ഗുരുതന്നെയാണ് ലോക റെക്കോർഡിനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ നിർദ്ദേശിച്ചതെന്നുമാണ് വിയാനയുടെ രക്ഷിതാക്കൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നാൽപത് മിനിറ്റിൽ കുട്ടി മരണപ്പെട്ടുവെങ്കിൽ വിയാന മരണക്കിടക്കയിലാണ് ചടങ്ങ് അഅനുഷ്ഠിച്ചതെന്നും മധ്യപ്രദേശിലെ മുൻ ജഡ്ജിയായ അഭയ് ജെയിൻ ഗോലി പറയുന്നു. ഓരോ വർഷവും 200ഓളം പേരാണ് സ്വന്തം തീരുമാനത്തിൽ സന്താര അനുഷ്ഠിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം