
ദില്ലി: ബിഎൽഒമാരുടെ ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്. 30 ബിഎൽഒമാർ ഇതുവരെ രാജ്യത്ത് ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇന്നലെ യുപിയിൽ ആത്മഹത്യ ചെയ്ത സർവേഷ് സിംഗ് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പൊട്ടിക്കരയുന്ന വീഡിയോയും പുറത്ത് വിട്ടു. സംഭവത്തില്‍ അനുശോചിച്ച് ഒരു വാക്ക് പോലും തെരഞ്ഞെടുപ്പ് കമ്മീഷനോ ഗ്യാനേഷ് കുമാറോ പറഞ്ഞില്ലെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു. നാണം കെട്ട മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് ഇസിഐയുടെയെന്നും ഷമ പറഞ്ഞു. ഇന്നലെ യുപി മൊറാദാബാദിലെ വീട്ടിലാണ് സർവേഷ് സിംഗ് ആത്മഹത്യ ചെയ്തത്.
രാജ്യത്ത് എസ്ഐആറുമായി ബന്ധപ്പെട്ട് നിരവധി ബിഎൽഒമാരാണ് ജോലി ഭാരം ആരോപിച്ച് രംഗത്തെത്തിയിരുന്നത്. കേരളത്തില്‍ കണ്ണൂരില്‍ നിന്നുള്ള ബിഎൽഒ ആനീഷ് ആത്മഹത്യ ചെയ്ത സംഭവം വ്യാപക വിമർശനത്തിന് കാരണമായിരുന്നു. ഇത്തരത്തില്‍ വലിയ വിമർശനം തുടരുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ സമയ പരിധി നീട്ടിയത്.