
ബെംഗളൂരു: വിവാഹത്തിന് പിന്നാലെ നാട്ടിലേക്ക് പോയ നവവധുവിനെ കാണാതെയായി. ഭർതൃവീട്ടുകാരുടെ പരാതിയിൽ അന്വേഷിക്കാനെത്തിയ പൊലീസുകാർ കണ്ടെത്തിയത് പ്രൊഫഷണൽ തട്ടിപ്പുകാരെ. കർണാടകയിലെ തുംകുരുവിലാണ് സംഭവം. തുംകുരു സ്വദേശിയായ യുവാവിന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘത്തിന്റെ വൻ തട്ടിപ്പ് പുറത്ത് വന്നത്. പൊലീസ് അന്വേഷണ സംഘം എത്താൻ വൈകിയതിനാൽ വിവാഹ തട്ടിപ്പിൽ മഹാരാഷ്ട്ര സ്വദേശിയ്ക്കും പണം നഷ്ടമായി.
കോമള എന്ന 35കാരിയായ ഭാര്യയെ കാണാനില്ലെന്ന തുംകുരു സ്വദേശിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അനാഥയായ യുവതിയെ ആണ് തുംകുരു സ്വദേശി വിവാഹം ചെയ്തത്. യുവതിയുടെ ആകെയുള്ള ബന്ധുക്കളായ അമ്മാവനും അമ്മായിക്കും വരന്റെ വീട്ടുകാർ പണവും വധുവിനുള്ള സ്വർണവും നൽകിയിരുന്നു. വിവാഹത്തിന് പിന്നാലെ നാട്ടിൽ മൂന്ന് ദിവസം നിൽക്കുന്നതാണ് ഗ്രാമത്തിലെ രീതിയെന്ന് വ്യക്തമാക്കി വീട്ടിൽ നിന്ന് ഇറങ്ങുന്ന യുവതിയെ പിന്നീട് കാണാതാവും. ഇത്തരത്തിൽ തുംകുരു സ്വദേശിയടക്കം അഞ്ച് പേരെ യുവതി വിവാഹം ചെയ്തതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. എല്ലായിടങ്ങളിലും ആകെയുള്ള ബന്ധുക്കളെന്ന രീതിയിൽ കോമള പരിചയപ്പെടുത്തിയിരുന്നത് 45കാരനായ സിദ്ധപ്പയേയും 40കാരിയായ ലക്ഷ്മി ശംഭുലിംഗ കുബുസദ്ദയേയുമായിരുന്നു. ഈ ബന്ധുക്കളേയായിരുന്നു പൊലീസ് ആദ്യം കണ്ടെത്തിയത്. മഹാരാഷ്ട്ര, കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ അവിവാഹിതരായ 30 വയസിന് മുകളിൽ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ തട്ടിപ്പ്. കൌമാരക്കാരായ രണ്ട് കുട്ടികളുള്ള കോമള ഭർത്താവ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് വിവാഹ തട്ടിപ്പിലേക്ക് തിരിഞ്ഞത്.
അഞ്ചോളം പേരെയാണ് ഇതിനോടം ഇവർ വിവാഹം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ച പിടിയിലാവുന്നതിന് രണ്ട് ദിവസം മുൻപാണ് മഹാരാഷ്ട്ര സ്വദേശിയെ ഇവർ വിവാഹം ചെയ്തത്. അനാഥയായ കോമളയ്ക്ക് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തങ്ങളുടെ പേരിൽ വിവാഹ സമ്മാനം നൽകാൻ എന്നപേരിലായിരുന്നു അമ്മാവനും അമ്മായിയും ചമഞ്ഞെത്തിയവർ വരന്റെ ബന്ധുക്കളിൽ നിന്ന് പണം കൈക്കലാക്കിയിരുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജിൽ നിന്നുമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam