
ബംഗളുരു: മൊബൈൽ സേവന ദാതാവിന്റെ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേനയെത്തിയ ഫോൺ കോൾ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാർ പണം ചോദിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിച്ചതോടെയാണ് അതുവരെ നടന്നതെല്ലാം തട്ടിപ്പായിരുന്നെന്ന് മനസിലായത്.
ബംഗളുരുവിലെ താമസക്കാരിയായ യുവതി കഴിഞ്ഞ ദിവസമാണ് പരാതിയുമായി അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിലെത്തിയത്. നവംബർ 13നാണ് യുവതിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ ലഭിക്കുന്നത്. മൊബൈൽ കമ്പനിയുടെ കസ്റ്റമർ സർവീസ് സെന്ററിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം, സിം എടുക്കാനായി യുവതി നൽകിയ അതേ ആധാർ കാർഡ് ഉപയോഗിച്ച് ആരോ മറ്റൊരു സിം എടുത്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് ഇന്റർനെറ്റിൽ നിരോധിത അശ്ലീല ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയില്ലെങ്കിൽ എല്ലാ മൊബൈൽ കണക്ഷനുകളും റദ്ദാക്കപ്പെടുമെന്നും പറഞ്ഞതോടെ യുവതിക്ക് ഭീതിയായി.
താൻ സൈബർ പൊലീസുമായി കണക്ട് ചെയ്യാമെന്നും വിളിച്ചയാൾ അറിയിച്ചു. തൊട്ടുപിന്നാലെ വാട്സ്ആപിൽ ഒരു ഫോൺ കോൾ എത്തി. മുംബൈ സൈബർ പൊലീസിൽ നിന്നാണെന്ന് അറിയിച്ച ആൾ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമെന്ന തരത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങിയ ശേഷം 1,10,000 രൂപ ആദ്യം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. എന്നാൽ പിന്നീട് വീണ്ടും പണം ചോദിച്ച് വിളിക്കാൻ തുടങ്ങിയതോടെയാണ് സംശയം തോന്നി പൊലീസിനെ സമീപിച്ചത്. ഐടി നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam