
ലഖ്‌നൗ: ബനാറസ് ഹിന്ദു സർവകലാശാലയിലെ (ഐഐടി-ബിഎച്ച്‌യു) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നാം വർഷ എം ടെക് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അനൂപ് സിംഗ് ചൗഹാൻ (31) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ.
ബുധനാഴ്ച രാവിലെ എട്ട് മണിക്ക് അനൂപിന് പരീക്ഷയുണ്ടായിരുന്നു. രാവിലെ ആറ് മണിക്ക് വിളിച്ചുണർത്താനെത്തിയ സുഹൃത്തുക്കളാണ് അനൂപിനെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. പിന്നീടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് മാസം മുൻപാണ് ഇദ്ദേഹം ഐഐടിയിൽ ചേർന്നത്. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയാണ്. പരീക്ഷയുടെ തയ്യാറെടുപ്പിനായി ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ മൂന്ന് മണി വരെ അനൂപും സുഹൃത്തുക്കളും അനൂപിന്റെ മുറിയിൽ ഇരുന്ന് പഠിച്ചിരുന്നു. ഇതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്.
രാവിലെ ആറ് മണിക്ക് സുഹൃത്തുക്കൾ വിളിക്കുമ്പോൾ അനൂപിൻ്റെ ശരീരത്തിൽ ചൂടുണ്ടായിരുന്നു. സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. രാത്രി 11.30 ഓടെ അനൂപ് തന്റെ ഇളയ സഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ആരോഗ്യപരമായ ആശങ്കകളൊന്നും പറഞ്ഞിരുന്നില്ലെന്നുമാണ് അനൂപിൻ്റെ പിതാവ് അസംഗഡിലെ അഭിഭാഷകനായ വിനോദ് സിംഗ് പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam