
ലഖ്‌നൗ: ഉത്തർപ്രദേശിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കുരങ്ങന്മാർ തട്ടിക്കൊണ്ടുപോയി വെള്ളം നിറഞ്ഞ ഡ്രമ്മിലിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. വീടിനുള്ളിൽ കട്ടിലിൽ ഉറങ്ങിക്കിടന്ന രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ദാരുണ മരണം സംഭവിച്ചത്. വീട്ടുകാർ ജോലി ചെയ്യുന്നതിനിടെ കുരങ്ങന്മാർ വീട്ടിൽ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വെള്ളം നിറഞ്ഞ ഡ്രമ്മിലിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രദേശത്തെ കുരങ്ങുശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിനകത്ത് ആദ്യം തിരഞ്ഞു. കണ്ടെത്താനാകാതെ വന്നതോടെ വീടിന് പുറത്തും ടെറസിലും പരിശോധിച്ചു. ഈ സമയത്ത് ടെറസിലെ വെള്ളം നിറച്ച ഡ്രമ്മിനകത്ത് കുഞ്ഞിനെ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും.
പ്രദേശത്ത് കുരങ്ങുശല്യം മൂലം ജനം പൊറുതിമുട്ടിയ നിലയിലാണ്. എല്ലാ ദിവസവും കുരങ്ങന്മാരിൽ നിന്ന് മനുഷ്യർക്ക് നേരെ ആക്രമണം ഉണ്ടാകാറുണ്ട്. വനം വകുപ്പും സർക്കാരും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുരങ്ങുശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമവാസികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam