
തുംകൂരു: ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി 33കാരി. അച്ഛനെ കൊലപ്പെടുത്താൻ അമ്മ ദുർമന്ത്രവാദം ചെയ്തുവെന്ന ജോത്സ്യന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടുംക്രൂരത. കർണാടകയിലെ തുംകുരുവിലാണ് സംഭവം. തുംകൂരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. അമ്മയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം, ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർത്ത് സംസ്കാര ചടങ്ങുകൾ നടത്താനും മകൾ ശ്രമിച്ചു. എന്നാൽ നാട്ടുകാർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. അനുപനഹള്ളി സ്വദേശിയായ പുഷ്പവതി (55) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൾ സുചിത്രയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. തുംകൂരു നഗരത്തിലെ ശ്രീനഗറിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സുചിത്ര, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അമ്മയുടെ വീട്ടിലെത്തിയത്.
പൊലീസിൻ്റെ പ്രാഥമിക അന്വേഷണം അനുസരിച്ച് ഒന്നര വർഷം മുൻപാണ് സുചിത്രയുടെ അച്ഛൻ മരിച്ചത്. ഈ മരണത്തിന് കാരണം അമ്മ പുഷ്പവതിയാണെന്ന് ഒരു ജ്യോത്സ്യൻ സുചിത്രയോട് പറഞ്ഞിരുന്നു. അച്ഛൻ്റെ മരണത്തിനായി അമ്മ മന്ത്രവാദം നടത്തിയെന്നായിരുന്നു ജ്യോത്സ്യൻ്റെ കണ്ടെത്തൽ. ഇത് പൂർണമായി വിശ്വസിച്ച സുചിത്രയ്ക്ക് അമ്മയോട് കടുത്ത പകയായി. അമ്മയെ ഇല്ലാതാക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പുഷ്പവതി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ സുചിത്ര തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ ഇത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് എത്രയും പെട്ടെന്ന് സംസ്കാരം നടത്താൻ സുചിത്ര ശ്രമം തുടങ്ങി.
എന്നാൽ മൃതദേഹത്തിൻ്റെ അവസ്ഥയിലും സാഹചര്യങ്ങളിലും അസ്വാഭാവികത തോന്നിയ നാട്ടുകാർക്ക് ഇതൊരു കൊലപാതകമാകാമെന്ന് സംശയിച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പരിശോധിക്കുകയും സുചിത്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ സുചിത്ര കുറ്റം സമ്മതിച്ചു. ഇതോടെയാണ് കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്.സംഭവത്തിൽ ക്യാതസന്ദ്ര പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam