
മുംബൈ: ഗണേശോത്സവം നടക്കുന്നതിനിടെ സ്ഫോടനം നടത്തുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശമയച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഭീഷണി സന്ദേശമയച്ചയാളും പ്രതിക്ക് സിം കാർഡ് നൽകിയയാളും അറസ്റ്റിലായി. പറ്റ്ന സ്വദേശിയായ അശ്വിനികുമാർ സുപ്രയാണ് (51) ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. നോയിഡയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
നേരത്തെ സുഹൃത്തായിരുന്ന ഫിറോസിനെ കുടുക്കാനാണ് അശ്വിനികുമാർ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ട് വർഷം മുൻപ് ഫിറോസ് നൽകിയ പരാതിയിൽ അശ്വിനികുമാറിന് മൂന്ന് മാസം ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. ഫിറോസിനെ ഭീകര കേസിൽ കുടുക്കാനാണ് അശ്വിനികുമാർ പദ്ധതിയിട്ടത്. ഫിറോസിന്‍റെ പേര് ഭീഷണി സന്ദേശത്തിൽ പരാമർശിച്ചിരുന്നു.
മുംബൈ ട്രാഫിക് പൊലീസിന്‍റെ വാട്സ്ആപ്പ് ഹെൽപ്പ് ലൈനിലേക്ക് വ്യാഴാഴ്ചയാണ് സന്ദേശം വന്നത്. 14 പാകിസ്ഥാൻ ഭീകരർ 400 കിലോഗ്രാം ആർഡിഎക്സുമായി നഗരത്തിൽ പ്രവേശിച്ചുവെന്നും 34 മനുഷ്യ ബോംബുകൾ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. 10 ദിവസത്തെ ഗണേശ ചതുർത്ഥി ഉത്സവം അവസാനിക്കാനിരിക്കെയാണ് പൊലീസിന് ഈ സന്ദേശം വന്നത്. തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. പറ്റ്ന സ്വദേശിയായ അശ്വിനികുമാർ സുരേഷ് കുമാർ സുപ്രയാണ് ഈ സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നോയിഡ സെക്ടർ 79-ൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ മുംബൈ പൊലീസിന് കൈമാറി. അശ്വിനികുമാർ ജ്യോതിഷിയും വ്യാപാരിയുമാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് സിം കാർഡ് നൽകിയ പ്രതിയെ സോരാഖയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ട്രാഫിക് പൊലീസിന് മുമ്പും ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിഭ്രാന്തരാകേണ്ടതില്ല. പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കിംവദന്തികളിൽ വിശ്വസിക്കാതെ സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഭീഷണി സന്ദേശത്തിൽ 'ലഷ്കർ-ഇ-ജിഹാദി' എന്ന പേര് പരാമർശിച്ചിരുന്നു. ഭീഷണി സന്ദേശത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെയും അറിയിച്ചിട്ടുണ്ടെന്ന് നേരത്തെ പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഗണേശോത്സവത്തിന്‍റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജന സമയത്ത് 21,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam