
ധൻബാദ്: കടുത്ത മദ്യപാനിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ കുഴിച്ചിട്ടു. പത്ത് ദിവസത്തിലേറെ കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. ധൻബാദ് ജില്ലയിലെ തുണ്ടി പൊലീസ് പരിധിയിൽ തിലൈയതൻ ഗ്രാമത്തിലാണ് സംഭവം. സുര്‍ജി മജ്ഹിയാന്‍ (42) ആണ് ഭർത്താവ് സുരേഷ് ഹന്‍സ്ദ (45)യെ കൊലപ്പെടുത്തിയത്. സുരേഷിനെ കാണാതെ വന്നതോടെ ബന്ധുക്കളും നാട്ടുകാരും സുർജിയോട് വിവരം തേടിയിരുന്നു. സ്ത്രീ നൽകിയ വ്യത്യസ്ത മറുപടി കേട്ട് സംശയം തോന്നിയെങ്കിലും ഒന്നും ചെയ്തില്ല. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ബന്ധുക്കൾ ഇടപെട്ടത്. അയൽക്കാരെയും കൂട്ടി ചില ബന്ധുക്കൾ വീടിനകത്ത് കയറി പരിശോധിച്ചു. ഒരു മുറിയിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കുന്ന വിവരം പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.
പത്ത് ദിവസം മുൻപ് സുരേഷിൻ്റെ അമ്മാവൻ മരിച്ചിരുന്നു. മരണവീട്ടിൽ സുരേഷിൻ്റെ അസാന്നിധ്യം ചർച്ചയായി. സുർജിയോട് ബന്ധുക്കൾ വിവരം തിരക്കിയെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു മറുപടി. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചത്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. ഭർത്താവ് കടുത്ത മദ്യപാനിയായിരുന്നെന്നും സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കാണെന്നുമാണ് യുവതിയുടെ മൊഴി. നിരവധി സ്ത്രീകളുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് വടിയും അരിവാളും ഉപയോഗിച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി.
ഇന്ന് പൊലീസ് സ്ഥലത്തെത്തി വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിന്നീട് ഷാഹിദ് നിർമ്മൽ മഹാതോ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റും. മൃതദേഹം പുറത്തെടുക്കുന്നതിനായി ഒരു മജിസ്‌ട്രേറ്റിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് പൊലീസ് അപേക്ഷ നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam