
പട്ന: തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ബിഹാറിൽ 36കാരനായ ടെക്കി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് ദീപക് പ്രകാശ് സത്യപ്രതിജ്ഞ ചെയ്തത്. എൻഡിഎ സഖ്യകക്ഷിയും രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) തലവനുമായ ഉപേന്ദ്ര കുശ്വാഹയുടെയും സ്നേഹലത കുശ്വാഹയുടെയും മകനാണ് ദീപക് പ്രകാശ്. ഉപേന്ദ്ര കുശ്വാഹ രാജ്യസഭാ എംപിയും അമ്മ സ്നേഹലത സസാറാമിൽ നിന്നുള്ള എംഎൽഎയാണ്. സ്നേഹലത മത്സരിച്ച് വിജയിച്ചപ്പോൾ, 36 കാരനായ ദീപക് ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് മന്ത്രിയായത് എന്നത് കൗതുകം. നാല് സീറ്റ് നേടിയ ആർഎൽഎമ്മിൽ നിന്നുള്ള ഏക മന്ത്രിയാണ് ദീപക്.
സ്നേഹലത കുശ്വാഹ മന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് ദീപക്കിന് നറുക്ക് വീണത്. മകനെ മന്ത്രിയാക്കാൻ ആദ്യം നിതീഷ് കുമാറോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ അനുകൂലിച്ചില്ലെന്നും അവസാന നിമിഷത്തിലാണ് ദീപക്കിന്റെ പേര് അന്തിമമാക്കിയതെന്നും വാർത്ത പുറത്തുവന്നു. ഉപേന്ദ്ര കുശ്വാഹ തന്റെ 36 വയസ്സുള്ള മകന് മന്ത്രി സ്ഥാനം ഉറപ്പാക്കാൻ നിർണായക നീക്കങ്ങൾ നടത്തുകയായിരുന്നു. എച്ച്എഎം (എസ്) മേധാവി ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമനും മന്ത്രി സ്ഥാനം ലഭിച്ചു.
രാഷ്ട്രീയത്തിലിറങ്ങും മുമ്പ് ദീപക് പ്രകാശ് ഒരു ടെക് പ്രൊഫഷണലായിരുന്നു. 2011 ൽ മണിപ്പാലിലെ എംഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക് പൂർത്തിയാക്കിയ ശേഷം പ്രകാശ് നാല് വർഷം ഐടി മേഖലയിൽ ജോലി ചെയ്തു. കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയത്. താൻ രാഷ്ട്രീയത്തിൽ പുതുമുഖമല്ലെന്നും, കുട്ടിക്കാലം മുതൽ അച്ഛൻ രാഷ്ട്രീയത്തിൽ എങ്ങനെ സഞ്ചരിക്കുന്നുവെന്ന് കണ്ടുകൊണ്ടിരിക്കുകയാണെന്നും ദീപക് പറഞ്ഞു. കാഷ്വൽ ജീൻസും ഷർട്ടുമണിഞ്ഞാണ് ദീപക് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.