
ദില്ലി: മൂന്നാം മോദി സർക്കാറിന് ഇന്ന് ഒരു വയസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് പ്രതിച്ഛായ തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ വർഷം കണ്ടത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ദില്ലിയിലും തെരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി വിജയങ്ങളാണ് മോദിക്ക് ആദ്യവർഷം വലിയ കരുത്തായത്. ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ വികസിത ഇന്ത്യയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് മൂന്നാം സര്‍ക്കാരിന്‍റെ അവകാശവാദം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ വാരാണസിയിലെ വോട്ടെണ്ണുമ്പോള്‍ ഒരു വേള എതിര്‍സ്ഥാനാര്‍ത്ഥിയുടെ സംഖ്യയേക്കാള്‍ താഴ്ന്നു മോദിക്കുള്ള ജനവിധി. മൂന്നാം സര്‍ക്കാരിന്‍റെ അംഗബലം എങ്ങനെയായിരിക്കുമെന്ന സൂചനയായിരുന്നു അത്. പരാജയത്തിന്‍റെ വക്കിൽനിന്നും ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയോടെയാണ് മൂന്നാമൂഴം ഉറപ്പിച്ചത്.
നരേന്ദ്ര മോദിയെന്ന ഒറ്റ നേതാവിന് ചുറ്റും മാത്രം ഒരു പതിറ്റാണ്ടായി കറങ്ങുന്ന ബിജെപിക്ക് അടുത്തകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. എന്നാൽ, ആദ്യമായി കൂട്ടുകക്ഷി സർക്കാരിനെ നയിക്കുമ്പോഴും തനത് ശൈലിയിലോ നിലപാടുകളിലോ ഒരു മാറ്റവും വരുത്താൻ നരേന്ദ്ര മോദി തയാറായില്ല, മാത്രമല്ല, പഴയ പ്രതിച്ഛായ തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ വർഷം കണ്ടത്.
മൂന്നാം ടേമിൽ ഭരണത്തിലേറി രണ്ടാം മാസം പ്രഖ്യാപിച്ച ഹരിയാന തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറ്റിമറിച്ചു. ഭരണവിരുദ്ധ വികാരം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കണ്ട് മനോഹർലാൽ ഖട്ടറിനെ മാറ്റി ഒബിസി വിഭാഗത്തിൽനിന്നും നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയും ജാട്ട് ഇതര വോട്ടുകൾ ഏകീകരിച്ചുമുള്ള അമിത്ഷായുടെ പരീക്ഷണം വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അമിത ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് വലിയ തിരിച്ചുവരവിനൊരുങ്ങിയ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ബിജെപി കരുത്തുകാട്ടി. ഒന്നും രണ്ടും ടേമിൽ മോദി സർക്കാറിന് വലിയ തലവേദനയായ കർഷകസമരം പ്രതിസന്ധിയേയല്ലെന്ന സന്ദേശവും ആ തെരഞ്ഞെടുപ്പ്ഫലം നല്‍കി.
നവംബറിൽ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പ്രവചനങ്ങൾ കാറ്റിൽപറത്തി ബിജെപി കുതിച്ചു. ജാർഖണ്ഡിൽ ഇഡി കേസിൽ അറസ്റ്റിലായി ജയിലിൽനിന്നിറങ്ങിയ ഹേമന്ത് സോറൻ വിജയിച്ചതാണ് ഇന്ത്യ മുന്നണിക്കുണ്ടായ ഏക ആശ്വാസം. ആറു വർഷത്തിനുശേഷം തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച് പ്രധാന പ്രതിപക്ഷമായതും വലിയ നേട്ടമായി.
കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതടക്കം സംസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ബിജെപി ഫലം ഉയർത്തിക്കാട്ടുന്നു. ഈ വർഷം ആദ്യം നടന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും മോദിയുടെ കീഴിൽ ബിജെപി വിജയകുതിപ്പ് തുടർന്നു. 27 വർഷങ്ങൾക്കുശേഷമുള്ള രാജ്യതലസ്ഥാനത്തെ തിരിച്ചുവരവ് പാർട്ടിയിൽ മോദിയുടെ സർവാധിപത്യം ഊട്ടിയുറപ്പിച്ചു. ആദായ നികുതി സ്ലാബിൽ അടുമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരമാണ് ദില്ലിയിൽ കാര്യമായി തുണച്ചത്.
പാർലമെന്റിലും മോദിശൈലിക്ക് മാറ്റമൊന്നുമില്ല. രാജ്യവ്യാപകമായി വലിയ കോളിളക്കം സൃഷ്ടിച്ച വഖഫ് ബില്ല് ഏപ്രിലിൽ ഇരുസഭകളും പാസാക്കി. പ്രതിപക്ഷം ശക്തമായ എതിർപ്പുയർത്തുമ്പോഴും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലും നടപടികളുമായി മുന്നോട്ട് തന്നെയാണ്. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായാണ് പഹൽഗാം ഭീകരാക്രമണമുണ്ടായത്.
പിന്നാലെ മെയ് ഏഴിന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തതും പാക്കിസ്ഥാന്‍റെ ആക്രമണവുമെല്ലാം മറ്റൊരു ഇന്ത്യ പാക് യുദ്ധമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ, തന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം മൂന്നാം കക്ഷിക്ക് സർക്കാർ വഴങ്ങിയെന്ന പ്രതീതിയുണ്ടാക്കി.
അമേരിക്കയെ മധ്യസ്ഥത വഹിക്കാൻ അനുവദിച്ചിട്ടില്ലെന്ന് ആവർത്തിക്കുമ്പോഴും ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ഓപ്പറേഷന് സിന്ദൂർ ഉയർത്തിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെത്തി രാഷ്ട്രീയ നേട്ടത്തിനും മോദി ശ്രമം തുടരുന്നുണ്ട്. കേന്ദ്ര സർക്കാറിന് ഏറെ നിർണായകമായ ബിഹാർ തെരഞ്ഞെടുപ്പിലും മോദി ഇത് നേട്ടമായി ഉയർത്തിക്കാട്ടുമെന്നുറപ്പാണ്.