രണ്ട് വർഷത്തോളം കിട്ടിക്കൊണ്ടിരുന്ന ശമ്പളം പെട്ടെന്ന് നിന്നു; അന്വേഷിച്ചപ്പോൾ ജോലി ഉൾപ്പെടെ എല്ലാം വ്യാജം, വൻ തട്ടിപ്പ്

Published : Jun 09, 2025, 10:25 AM IST
200 note

Synopsis

രണ്ട് വർഷത്തോളം കൃത്യമായി ശമ്പളം കിട്ടിയിരുന്നു. ആദ്യം ഒരു വർഷത്തോളം 42000 രൂപയും പിന്നീട് 56000 രൂപയുമാണ് മാസാമാസം കിട്ടിക്കൊണ്ടിരുന്നത്. 

ചെന്നൈ: നിരവധി തൊഴിൽ അന്വേഷകരെ കബളിപ്പിച്ച് ഒന്നര കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയ സംഘം ചെന്നൈയിൽ പിടിയിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഗ്രേറ്റർ ചെന്നൈ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്യുകയും ഒരാൾക്ക് രണ്ട് വർഷത്തോളം ശമ്പളം നൽകുകയും ചെയ്തുവെന്നും കണ്ടെത്തി. ജോലി തേടിയെത്തിയ 23 പേരിൽ നിന്നെങ്കിലും ഇവർ പണം തട്ടിയതായാണ് വിവരം.

ചെന്നൈ സ്വദേശിയായ ഒരു 72കാരൻ തന്റെ മകനെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് ആരോപിച്ച് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 2023ലായിരുന്നത്രെ തട്ടിപ്പിന്റെ തുടക്കം. മൂന്ന് തവണകളായി 12 ലക്ഷം രൂപ വാങ്ങിയ ശേഷം യുവാവിന് കോർപറേഷൻ ഇൻസ്പെക്ടർ ജോലി വാഗ്ദാനം ചെയ്തു. പണം കൊടുത്ത് കഴിഞ്ഞപ്പോൾ ഐഡി കാർഡും അപ്പോയിന്റ്മെന്റ് ലെറ്ററും കൊടുത്തു. സംഘത്തിലെ ഒരു സ്ത്രീ കോർപറേഷനിലെ ഉദ്യോഗസ്ഥ ചമഞ്ഞ് പരിശീലനവും നൽകി. 42,000 രൂപയായിരുന്നു ശമ്പളം. ആദ്യമൊക്കെ പണമായി നേരിട്ടും പിന്നീട് ജോലി സ്ഥിരമായ ശേഷം ബാങ്ക് അക്കൗണ്ട് വഴിയും പണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു.

ഇതെല്ലാം കേട്ട യുവാവ് 2023 ഓഗസ്റ്റ് മുതൽ ജോലി തുടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചവറ്റുകുട്ടകളുടെ ചിത്രങ്ങളെടുത്ത് ഒരു മൊബൈൽ ആപ്ലിക്കേഷനിൽ അപ്‍ലോഡ് ചെയ്യാനായിരുന്നു നിർദേശം. ഓഗസ്റ്റ് മുതൽ അടുത്ത വർഷം ജൂലൈ വരെ വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടി. സെപ്റ്റംബറിൽ വീണ്ടും യുവാവിനെ സമീപിച്ച് ഒരു പുതിയ പ്രൊജക്ടിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ കൂടി വാങ്ങി. പിന്നീട് ശമ്പളം 56,000 രൂപയാക്കി. ഇങ്ങനെ ഒക്ടോബർ മുതൽ 2025 മാർച്ച് വരെ തുടർന്നു. കഴിഞ്ഞ ഏപ്രിലിൽ അസിസ്റ്റന്റ് കമ്മീഷണർ പോസ്റ്റ് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൂടി വാങ്ങി. എന്നാൽ ഇതിന് ശേഷം പെട്ടെന്ന് ശമ്പളം കിട്ടാതെയായി.

കാര്യം അന്വേഷിച്ചപ്പോൾ പലപല കാരണങ്ങൾ നിരത്തി ഒരു 14 ലക്ഷം രൂപ കൂടി ചോദിച്ചു. അപ്പോഴാണ് ചെറിയ സംശയം തോന്നി നേരിട്ട് ചെന്നൈ കോർപറേഷനിലെത്തിയത്. അപ്പോയിന്റ്മെന്റ് ലെറ്ററും ഐഡി കാർഡും എല്ലാം വ്യാജമാണെന്ന് കോർപറേഷനിൽ നിന്ന് അറിഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. 23 പേരെയെങ്കിലും ഇവർ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം