
ബെംഗളൂരു: കർണാടകയിൽ പെട്ടന്നുള്ള മരണം സംഭവിച്ചതിൽ 30 ശതമാനം ആളുകളും ഹാസനിൽ നിന്നുള്ള ഓട്ടോ റിക്ഷ, ടാക്സി ഡ്രൈവർമാർ. പിന്നാലെ അന്വേഷണത്തിന് ഉത്തരവുമായി സർക്കാർ. അടുത്തിടെയായി ഹൃദയാഘാതം അടക്കമുള്ള കാരണങ്ങളാൽ പെട്ടന്നുള്ള മരണം സംഭവിച്ചവരിൽ മൂന്നിലൊരു വിഭാഗവും ഒരേ ജോലി ചെയ്യുന്നവർ ആയതോടെയാണ് സർക്കാർ ഇടപെടൽ. യുവാക്കൾക്കിടയിലെ പെട്ടന്നുള്ള മരണങ്ങളുടെ കാരണവും കണ്ടെത്താനാണ് അന്വേഷണം ശ്രമിക്കുന്നത്.
ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസിലെ ഡയറക്ടറായ ഡോ കെ എസ് രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരണങ്ങളേക്കുറിച്ച് പഠനം നടത്തുന്നത്. 40 ദിവസങ്ങൾക്കുള്ളിൽ സംഭവിച്ച 24 മരണങ്ങളേക്കുറിച്ച് കമ്മിറ്റി പഠനം നടത്തും. 24 മരണങ്ങളിൽ പത്തെണ്ണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായിരുന്നു. ഇസിജി, പോസ്റ്റ്‍മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്. മൂന്ന് പേർ ഹൃദയ സംബന്ധമായ രോഗങ്ങൾ നേരിട്ടിരുന്നവരാണ്.
പത്ത് പേരുടെ മരണം ഹൃദയാഘാതം മൂലമായേക്കാമെന്നാണ് വിലയിരുത്തൽ. ഇവർക്ക് അനുഭവപ്പെട്ട ലക്ഷണങ്ങൾ ഹൃദയ സംബന്ധിയായ തകരാറുകളുമായി ബന്ധപ്പെട്ടുള്ളതാണ്. എട്ട് മരണങ്ങളിൽ മദ്യം പ്രധാന കാരണമായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് കേസുകൾ ഹൃദയ സംബന്ധിയായ മരണങ്ങൾ അല്ലെന്നാണ് പ്രാഥമിക വിവരം. മുൻ വർഷങ്ങളേ അപേക്ഷിച്ച് യുവാക്കളിൽ പെട്ടന്നുള്ള മരണം വർധിക്കുന്നുവെന്നാണ് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വിശദമാക്കിയത്. കണക്കുകൾ അനുസരിച്ച് മരിച്ചവരിൽ 14 പേർ 45 വയസിന് താഴെയുള്ളവരാണ്. ഇത് ആശങ്കപ്പെടുത്തുന്നുവെന്നാണ് ആരോഗ്യ മന്ത്രി വിശദമാക്കുന്നത്.
ജീവിത ശൈലികളും തൊഴിൽ പരമായ ബന്ധം ഈ മരണങ്ങളിലുണ്ടോയെന്ന് വിദഗ്ധ സംഘം വിലയിരുത്തും. ദീർഘനേരം ഇരുന്നുകൊണ്ട് വാഹനം ഓടിക്കുന്നതും സമയം തെറ്റിയുള്ള ഭക്ഷണം, പുകവലി, കായികാധ്വാനത്തിന്റെ കുറവ്, സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയും ഇത്തരം മരണങ്ങളിലെ കാരണമായോയെന്നും വിദഗ്ധ സംഘം പഠിക്കുമെന്നും ആരോഗ്യ മന്ത്രി വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം