
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി ആരോപിച്ച് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാർ അടങ്ങുന്ന 42 അംഗ സംഘം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്തെഴുതി. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രചാരണങ്ങൾ ഇതിൻ്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ജനങ്ങൾക്ക് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസമാണെന്നും, അതിനെ തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ജനാധിപത്യപരമായ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി എൻ രവീന്ദ്രനും തുറന്ന കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഹേമന്ത് ഗുപ്ത, പങ്കജ് മിത്തൽ എന്നിവരും ജഡ്ജിമാരിൽ ഉൾപ്പെടുന്നു.
സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് മുൻ ജഡ്ജിമാർ അഭിപ്രായപ്പെട്ടു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നത് വോട്ടർമാരിൽ അനാവശ്യമായ സംശയങ്ങളും ആശങ്കകളും വളർത്താനേ ഉപകരിക്കൂ എന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നിലനിർത്തേണ്ടത് രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് കത്ത് ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയ ലാഭങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സും സംരക്ഷിക്കാൻ പൗരന്മാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam