
ബെംഗളൂരു: തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി സിജെപി. ദില്ലി ജന്തർ മന്തർ സമരത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സിജെപി റാലി നടത്തി. യൂട്യൂബര്‍ ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും അംബേദ്കറിൽ വിശ്വാസമില്ല. ഗോഡ്സെയുടെ ആശയങ്ങളോടാണ് അവർക്ക് താൽപര്യം. ഗാന്ധിയാണ് ഈ രാജ്യത്തിന്റെ ആത്മാവ്, അംബേദ്കർ നട്ടെല്ലും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. അതിനു പിന്നിലുള്ളത് ഗൂഢലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ലക്ഷ്യമിടുന്നത് 'ഒരു രാജ്യം, ഒരു പാർട്ടി' എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്ലറും ഈ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചത്. ഹിറ്റ്ലർക്ക് എന്ത് സംഭവിച്ചു എന്ന് ഓർക്കുന്നത് നന്ന്. ജനവികാരം മാറുന്നത് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. അത് വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് തങ്ങൾക്ക് കിട്ടാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കുന്നത്. ഈ പാത നമ്മുടേതാണ്. അതിലൂടെ സഞ്ചരിച്ച് ജനാധിപത്യത്തെ തിരിച്ചുപിടിക്കണമെന്നും ദീപ്കെ ആഹ്വാനം ചെയ്തു.
ആദ്യ വിക്കറ്റ് ധർമേന്ദ്ര പ്രധാൻ ആയിരുന്നു. അടുത്ത വിക്കറ്റ് ഏതെന്ന് എല്ലാവർക്കും അറിയാം. ഇത് നിങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് തോൽപ്പിക്കാമെന്ന് കരുതേണ്ടെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. ഇത് രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്നതിന് എതിരായ പോരാട്ടമാണ്. ഞങ്ങൾ എല്ലാവരും അഭിജിത്തിനൊപ്പം ഉണ്ടാകുമെന്നും ഐഷി പറഞ്ഞു. യൂട്യൂബർ ധ്രുവ് റാട്ടിയും റാലിയിൽ പങ്കെടുത്ത് സംസാരിച്ചു. ധ്രുവിന്റെ ഓരോ വാക്കിനും ജനക്കൂട്ടം ആരവമുയർത്തി. ഓരോ വാക്കും ഹർഷാരവത്തോടെയാണ് വരവേറ്റത്.
ഇതെന്റെ ആദ്യ പ്രതിഷേധ സമരമാണ്. ഞാൻ ഇവിടെ എത്തിയത് സർക്കാരിനെ മാറ്റാനല്ല. അങ്ങനെയുള്ള പ്രചാരണം ചിലർ നടത്തുന്നുണ്ട്. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ എന്റെ പക്കലുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും അവർ മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam