
ദില്ലി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ പരസ്പരം സഹകരിക്കാതെ കോണ്‍ഗ്രസും, കോക്ക് റോച്ച് ജനത പാര്‍ട്ടിയും. മറ്റന്നാള്‍ ജന്തര്‍മന്തര്‍ പ്രതിഷേധത്തിന് സിജെപി തുടക്കം കുറിക്കുമ്പോള്‍ എംപിമാരെ മടക്കിയയക്കാതെ കോണ്‍ഗ്രസ് പ്രതിഷേധത്തിന്‍റെ മൂര്‍ച്ച കൂട്ടുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാസഖ്യത്തോടും, സിജെപിയോടും ഒരു പോലെ സഹകരിച്ചുള്ള അടവ് നയമാണ് സിപിഎമ്മിന്‍റേത്.
സമീപകാലത്തെങ്ങും കാണാത്ത പോരാട്ടമാണ് കോണ്‍ഗ്രസ് പുറത്തെടുക്കുന്നത്. വെറുമൊരു പ്രതിഷേധം മാത്രമാകുമായിരുന്ന ഇന്ത്യാസഖ്യം മാര്‍ച്ചിനെ ആകാശവാണി ഭവനുള്ളില്‍ കയറി ആംഗിള്‍ തിരിച്ച് ഒരു ദിനം മുഴുവന്‍ ദില്ലി പൊലീസിനെ രാഹുല്‍ ഗാന്ധി വട്ടം കറക്കി. ഉച്ച ഭക്ഷണ യോഗം ഇപ്പോഴത്തെ നീക്കത്തിന്‍റെ ഭാഗമാക്കി ഇന്ത്യസഖ്യം എംപിമാരെ ഒപ്പം നിര്‍ത്തി പ്രതിഷേധം തുടര്‍ന്നും കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കുന്നു. ധര്‍മ്മേന്ദ്ര പ്രധാനെ രാജി വയ്പിച്ചതിന്‍റെ വിജയം നൽകുന്ന കരുത്തുമായി കോക്ക് റോച്ച് ജനത പാര്‍ട്ടി കടന്നുവരുമ്പോള്‍ സ്വന്തം ഇടം നേരത്തെ ഉറപ്പിക്കുകയാണ് ഒരു പരിധി വരെ കോണ്‍ഗ്രസ്. പ്രതിഷേധത്തില്‍ പ്രതിഫലിക്കുന്നതും മത്സര വാശി തന്നെ. കോക്ക് റോച്ച് ജനത പാർട്ടിയുടെ സമരത്തിന് സമാന്തരമായി പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. എംപിമാരോട് അറിയിപ്പ് ഉണ്ടാകുന്നത് വരെ ദില്ലിയില്‍ തുടരാനാണ് നിര്‍ദ്ദേശം. സിജെപി സമരവുമായി സഹകരിക്കില്ല, മറ്റ് പാര്‍ട്ടികളോടും സിജെപിയുമായി അകലം പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
സോനം വാങ് ചുക്കും, ഇടത് വിദ്യാര്‍ത്ഥി സംഘടനകളുമൊക്കെ ധര്‍മ്മേന്ദ്ര പ്രധാനെതിരായ സമരത്തില്‍ സിജെപിയോട് ചേര്‍ന്നെങ്കില്‍ രാജിയോടെ ഫുള്‍ക്രെഡിറ്റും അവര്‍ കൊണ്ടു പോകുകയാണ് ചെയ്തത്. ഇക്കാര്യം സിജെപിക്കെതിരെ പരസ്യമായി കോണ്‍ഗ്രസ് ഉന്നയിക്കുകയും ചെയ്തിരുന്നു. ആംആദ്മി പാർട്ടി സിജെപിക്ക് നല്കുന്ന പിന്തുണ കോൺഗ്രസിനെ ദുർബലപ്പെടുത്താനാണെന്ന് പാർട്ടി നേതാക്കൾ വാദിക്കുന്നു. സിജെപി ആർഎസ്എസ് സൃഷ്ടിയാണെന്ന ആരോപണമുള്ള നേതാക്കൾ പോലും കോൺഗ്രസിലുണ്ട്. രാഹുൽ ഗാന്ധിക്ക് കിട്ടേണ്ട ഇടം ഇവർ ഭാവിയിൽ പിടിക്കുമോ എന്ന ആശങ്ക ശക്തമാണ്. അതേ സമയം ഇടത് പാര്‍ട്ടുകളില്‍ പ്രത്യേകിച്ച് സിപിഎം രണ്ടിടത്തും സഹകരിച്ചാണ് നീങ്ങുന്നത്. സിജെപി സമരത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ സാന്നിധ്യവുമുണ്ടാകും. ഡിവൈഎഫ്ഐയും സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധത്തില്‍ സിജെപിയെ സഹകരിപ്പിക്കണമെന്ന നിലപാട് സിപിഎം മുന്നോട്ട് വച്ചിരുന്നു. ഇതിനിടയിലും കോണ്‍ഗ്രസും സിജെപിയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. സിജെപിയുടെ പ്രതിഷേധവും നയങ്ങളും സ്പോണ്‍സേര്‍ഡാണെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് സ്വന്തം പരാജയത്തിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ് മറുപടി നല്‍കി. വിഡ്ഡിക്കൂട്ടമെന്ന് വിളിച്ചും സിജെപി നേതാവ് നേരത്തെ കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam