
മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിവാഹ തട്ടിപ്പുകളിലേർപ്പെടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ പിടിയിലായി. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരൻ വിവാഹ ചെയ്തത്. മൂന്ന് പേരെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ഹൈദരബാദ് സ്വദേശിയായ ഇയാൾ പീഡിപ്പിച്ചതായാണ് മുംബൈ പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്.
മുംബൈ സ്വദേശിയായ 42കാരിയായ അധ്യാപികയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇമ്രാൻ അലി ഖാൻ അറസ്റ്റിലായത്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പണം തട്ടിയെടുത്ത ശേഷം അധ്യാപികയ്ക്ക് പ്രായക്കൂടുതൽ ഉള്ളതിനാൽ വിവാഹം കഴിക്കാനാവില്ലെന്നാണ് ഇയാൾ വിശദമാക്കിയത്. ഇതോടെയാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. മുംബൈയിലെ ബൈക്കുളയിൽ ഒരുമിച്ച് താമസിക്കാനുള്ള ഫ്ലാറ്റ് വാങ്ങാനെന്ന പേരിലടക്കം ഇയാൾ അധ്യാപികയിൽ നിന്ന് പണം തട്ടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
സോലാപൂർ, പർബാനി, പശ്ചിമ ബംഗാൾ, മുംബൈ, ദുലെ, സോലാപൂർ, മുസൂറി, ദില്ലി അടക്കമുള്ള സ്ഥലങ്ങളിലാണ് ഇയാൾ യുവതികളെ വിവാഹം ചെയ്ത് പണം തട്ടിയത്. വിവാഹ മോചിതർ അടക്കമുള്ള മാനസികമായി തകർന്ന സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. ബിസിനസുകാരനെന്ന പേരിൽ പരിചയപ്പെട്ട് സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിയെടുത്ത പണം ചൂതാട്ടത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മുബൈയിലും മുസൂറിയിലുമായി കുട്ടികളുള്ള വിവാഹ മോചനം തേടിയ 3 സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam