
ബംഗളൂരു: കഴിഞ്ഞ മാസം നവംബറില്‍ ഒരു ഫ്ലാറ്റിലെ 11 പൂച്ചകള്‍ ചത്തത് വിഷം കഴിച്ചത് മൂലമെന്ന് റിപ്പോര്‍ട്ട്. 11 പൂച്ചകളില്‍ ഏഴും കുട്ടികളായിരുന്നു. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നും (എഫ്എസ്എൽ) സർക്കാർ മൃഗാശുപത്രിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പൂച്ചകള്‍ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്നുള്ളത് വ്യക്തമാക്കുന്നത്. അതേ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന ഒരു സ്ത്രീയാണ് പൂച്ചകള്‍ക്ക് വിഷം നല്‍കിയതെന്നാണ് സംശയിക്കപ്പെടുന്നത്.
തന്‍റെ പൂച്ചകൾക്ക് മാരകമായ വിഷം കൊടുത്തതിന് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാംവീർ ശർമ്മ എന്ന വ്യവസായിയാണ് പൊലീസിൽ പരാതി നൽകിയത്. അതേ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന ഒരു സ്ത്രീ പൂച്ചകൾക്ക് ഭക്ഷണം നൽകാനുള്ള പാത്രങ്ങളിലേക്ക് കുറച്ച് പൊടി വലിച്ചെറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് പൂച്ചകൾ ചത്തത്. സായ് ശക്തി എൻക്ലേവ് അപ്പാർട്ട്‌മെന്‍റിലാണ് സംഭവം നടന്നത്.
നവംബർ 10 നും 15 നും ഇടയിൽ പൂച്ചകൾ ഒന്നിനുപുറകെ ഒന്നായി ചത്തുപോവുകയായിരുന്നു. നവംബർ 10നാണ് പൂച്ചകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. അന്ന് രാത്രി തന്നെ ഒരു പൂച്ച ചത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലായാണ് ബാക്കി പൂച്ചകളും ചത്തത്. ആർആർ നഗറിലെയും ജെപി നഗറിലെയും ഒരു മൃഗാശുപത്രിയിൽ എത്തിച്ചുവെന്നും ചികിത്സയ്ക്കായി 70,000 രൂപ ചെലവഴിച്ചിട്ടും പൂച്ചകളുടെ ജീവൻ രക്ഷിക്കാനായില്ലെന്നും ഉടമ പറഞ്ഞു.
ഇപ്പോൾ, എഫ്എസ്എൽ, വെറ്റിനറി ആശുപത്രി റിപ്പോർട്ടുകളില്‍ പൂച്ചകളുടെ ആന്തരാവയവ സാമ്പിളുകളിൽ സിങ്ക് ഫോസ്ഫേറ്റിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സിങ്ക് ഫോസ്ഫേറ്റ് പൂച്ചകളുടെ വൃക്കകൾ, ശ്വാസകോശങ്ങൾ, ഹൃദയങ്ങൾ, മറ്റ് അവയവങ്ങൾ എന്നിവയെ സാരമായി ബാധിക്കുകയും അവയുടെ മരണത്തിന് കാരണമാവുകയും ചെയ്തു.
പൂച്ചകള്‍ ഫ്ലാറ്റ് വൃത്തികേടാക്കുന്നു എന്ന് പറഞ്ഞ് സംശയിക്കപ്പെടുന്ന സ്ത്രീ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും ശ്യാംവീര്‍ ശര്‍മ്മ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിച്ചപ്പോള്‍ സ്ത്രീ തന്‍റെ വക്കീലിനെയാണ് അയച്ചത്. വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam