
ദില്ലി:കമൽനാഥ് കോൺഗ്രസ് വിടും എന്ന അഭ്യൂഹങ്ങൾക്കിടെ മനീഷ് തിവാരിയുമായും ബിജെപി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ലുധിയാനയിൽ മനീഷ് തിവാരി ബിജെപി സ്ഥാനാർത്ഥിയാകും എന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ ചേരുമെന്ന വാർത്തകൾ കമൽനാഥ് തള്ളികളയാത്തതിൽ എഐസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ്.
മധ്യപ്രദേശിൽ കമൽനാഥും മകനും കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ഇന്നലെ സജീവമായിരുന്നു. ഇതിനു പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടും എന്ന അഭ്യൂഹം ശക്തമാകുകയാണ്. മുൻ മന്ത്രിയും ലുഥിയാന എംപിയുമായ മനീഷ് തിവാരിയുമായി ആർപിഎൻ സിംഗ് ചർച്ച നടത്തി എന്നാണ് സൂചനകൾ. കോൺഗ്രസ് വിട്ട ആർപിഎൻ സിംഗിന് ബിജെപി ഉത്തർപ്രദേശിൽ രാജ്യസഭ സീറ്റ് നല്കിയിരുന്നു. ലുഥിയാന സീറ്റിൽ മനീഷ് തിവാരി തന്നെ മത്സരിക്കുക എന്നതാണ് ബിജെപി നിർദ്ദേശം. ആംആദ്മി പാർട്ടി ഭരണത്തിലെത്തിയതോടെ കോൺഗ്രസ് ടിക്കറ്റിൽ വിജയസാധ്യത കുറഞ്ഞതാണ് തിവാരിയെ പാർട്ടി മാറാൻ പ്രേരിപ്പിക്കുന്നത്. പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ അഭ്യൂഹം എന്നാണ് മനീഷ് തിവാരിയുടെ ഓഫീസ് പ്രതികരിച്ചത്.
കമൽനാഥും പാർട്ടി വിടുന്ന കാര്യത്തിൽ മൗനം തുടരുകയാണ്. മധ്യപ്രദേശിൽ പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കി കൊണ്ട് കമൽനാഥ് നടത്തുന്ന നീക്കത്തിൽ എഐസിസിക്ക് കടുത്ത അതൃപ്തിയുണ്ട്. പതിനഞ്ച് എംഎൽഎമാരെ കൂടെ കൂട്ടാനുള്ള നീക്കമാണ് കമൽനാഥ് നടത്തുന്നത് എന്നാണ് കോൺഗ്രസ് കരുതുന്നത്. അഭ്യൂഹങ്ങൾ തള്ളാതെയാണ് കമൽനാഥ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്
പഞ്ചാബിലെ മുൻ പിസിസി അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു ബിജെപിയിലേക്ക് മടങ്ങും എന്ന സൂചനകളും ശക്തമാണ്. കോൺഗ്രസ് ദുർബലമായി എന്ന സന്ദേശം നല്കാനാണ് ബിജെപി നേതാക്കളെ ഒപ്പം ചേർത്തു കൊണ്ട് ശ്രമിക്കുന്നത്. മത്സരം തുടങ്ങും മുമ്പ് ജയിച്ചു എന്ന പ്രതീതി ഉണ്ടാക്കാൻ കൂടിയാണ് ബിജെപി ചാക്കുമായി ഇറങ്ങിയിരിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam