കാണാതായ വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന

By Web TeamFirst Published Jun 9, 2019, 9:33 AM IST
Highlights

വിമാനം കണ്ടെത്താനായി വ്യോമസേന വലിയ തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.  എയര്‍ മാര്‍ഷല്‍ ആര്‍.ഡി മാത്തൂര്‍ ആണ് ഇനാം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദില്ലി: എഎന്‍ 32 വ്യോമസേനാ വിമാനം കാണാതായ സംഭവത്തില്‍ വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന.  അസമിലെ ജോഹട്ടില്‍ നിന്ന് അരുണാചലിലെ മേചുകയിലേക്ക് 13 പേരെയും വഹിച്ചുകൊണ്ട് പോയ വിമാനമാണ് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 12.27 ന് കാണായത്. 

വിമാനത്തില്‍ മലയാളികളടക്കം എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണുണ്ടായിരുന്നത്. ഒരു മണിയോടെയാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. വിമാനം കണ്ടെത്താനായി വ്യോമസേന വലിയ തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.  എയര്‍ മാര്‍ഷല്‍ ആര്‍.ഡി മാത്തൂര്‍ ആണ് ഇനാം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വിമാനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 03783222164, 9436499477, 9402077267, 9402132477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനാണ് നിര്‍ദേശം. വിമാനം കണ്ടെത്താനായി തങ്ങള്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. കരസേനയുടെയും മറ്റ് ദേശീയ ഏജന്‍സികളുടെയും സഹായം വ്യോമസേന തേടിയിട്ടുണ്ട്. കര വ്യോമസേനകള്‍ക്ക് പുറമെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംസ്ഥാന പൊലീസും തെരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആരുണാചല്‍ പ്രദേശിലെ വനമേഖലകളിലെ ശക്തമായ മഴ തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. 

click me!