
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പതായി. മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 22 ഇടങ്ങളെ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതാ മേഖലകളായി പ്രഖ്യാപിച്ചു.
കൊവിഡ് വൈറസിൽ സമൂഹവ്യാപനമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും കണക്കുകളിലെ വര്‍ധന കേന്ദ്രസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 24 മണിക്കൂറിനിടെ 12 മരണങ്ങളാണ് കൊവിഡ് ബാധ മൂലം രാജ്യത്തുണ്ടായത്. രോഗബാധിതരുടെ ആകെ എണ്ണവും ഉടനെ രണ്ടായിരം കടക്കും. പത്തനംതിട്ട, കാസര്‍കോട്, ദില്ലിയിലെ നിസാമുദ്ദീന്‍ അടക്കം രാജ്യത്തെ 22 ഇടങ്ങളാണ് കൊവിഡ് ജാഗ്രത മേഖല പട്ടികയിലുള്ളത്. തിങ്കളാഴ്ച വരെ പത്തിടങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. രോഗനിര്‍ണ്ണയ പരിശോധനക്കായി ഇവിടങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് കിറ്റുകള്‍ എത്തിക്കും.
അതിനിടെ കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളെ നിരീക്ഷണത്തിലേക്ക് മാറ്റാനും , സാമ്പിള്‍ ശേഖരിക്കാനുമുള്ള ശ്രമത്തിനിടെ ആക്രമിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നാല് പേർ പിടിയിലായി. ആക്രമണത്തില്‍ രണ്ട് വനിത ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. വിവരശേഖരണത്തിനെത്തിയ ആരോഗ്യപ്രവർത്തകർക്ക് നേരെ ആൾക്കൂട്ടം കല്ലെറിയുകയായിരുന്നു.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പോലീസും സര്‍ക്കാരും അതിഥി തൊഴിലാളികളോട് മനുഷ്യത്വപരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകളില്‍ വൈദ്യസഹായമെത്തിക്കണം, മനശാസ്ത്രവിദ്ധര്‍ തൊഴിലാളികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം തുടങ്ങിയ കേന്ദ്രസർക്കാർ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേ സമയം ആസൂത്രണം ഇല്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൂപ്പുകുത്തിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സാമ്പത്തിക വിദഗ്ധരുള്‍പ്പെടുന്ന ടാസ്ക് ഫോഴ്സ് രൂപീകരിച്ച് മൂന്ന് മാസത്തേക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേർന്ന ആദ്യ കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam